Ramadan Special

ആരാധനകളുടെ സാംസ്‌കാരികത

ആരാധനകളുടെ സാംസ്‌കാരികത
X


എല്ലാ ജനവിഭാഗങ്ങളും ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ നിര്‍വഹിക്കുന്നു. ദൈവ പ്രീതി ലക്ഷ്യമാക്കിയാണ് ഈ ആരാധനകള്‍. ദൈവത്തെക്കുറിച്ച ധാരണകള്‍, വിശ്വാസങ്ങള്‍, അതനുസരിച്ചു ജീവിതം, മരണം, മരണാനന്തര ജീവിതം എന്നിവയെക്കുറിച്ചുള്ള വീക്ഷണം, മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ബന്ധങ്ങള്‍, ഈ വിശ്വാസ പരിസരം സൃഷ്ടിക്കുന്ന സാംസ്‌കാരിക ബോധം  എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ് ഓരോ സമൂഹത്തിന്റെയും ആരാധനകള്‍. അതുകൊണ്ടുതന്നെ ഓരോ സമൂഹവും നിര്‍വഹിച്ചുവരുന്ന ആരാധനാരീതികളുടെ ബാഹ്യവും ആന്തരികവുമായ ഭാവങ്ങള്‍ ആ സമൂഹം പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരികതയുടെ ചിഹ്നങ്ങളാണ്. ഇസ്‌ലാമില്‍ ദൈവമെന്നത് സങ്കല്‍പമല്ല. മനുഷ്യന്‍ അവനെത്തന്നെയും അവന്റെ ചുറ്റുമുള്ളതിനെയും അവന്‍ ജീവിക്കുന്ന അദ്ഭുതകരമായ ഈ പ്രപഞ്ചത്തെയും അതിന്റെ അനിഷേധ്യങ്ങളായ യാഥാര്‍ഥ്യങ്ങളെയും അറിഞ്ഞും നിരീക്ഷിച്ചും മനനം ചെയ്തും എത്തിച്ചേരുന്ന മഹാ ബോധ്യമാണ്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഉത്തരവാദിത്ത നിര്‍വഹണമാണ് ഇസ്‌ലാമിലെ ആരാധനകള്‍. അതുകൊണ്ടുതന്നെ ഒരു ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ സ്വാഭാവികമായ ഗൗരവവും ഗരിമയും ഇസ്‌ലാമിലെ ആരാധനകളില്‍ ദൃശ്യമാണ്. അത് ഏതെങ്കിലും തരത്തിലുള്ള ദൃശ്യവൈകൃതം പ്രകടിപ്പിക്കുന്ന ശരീരചേഷ്ടകളാലോ മതിഭ്രമം പൂണ്ട കോപ്രായങ്ങളാലോ നിര്‍വഹിക്കുന്നതല്ല. ഓരോ ഹൃദയമിടിപ്പിനു പിന്നിലും ദൈവികമായ കാരുണ്യത്തിന്റെ നിതാന്ത സാന്നിധ്യമുണ്ടെന്നു തിരിച്ചറിഞ്ഞ മനുഷ്യന്റെ പ്രാര്‍ഥനാ നിര്‍ഭരമായ കീഴ്‌വണക്കവും സാക്ഷ്യപ്പെടലുമാണ്.അല്ലാഹു മനുഷ്യനെ ഏറ്റവും ആദരണീയനായ സൃഷ്ടിയായി കാണുന്നു. തീര്‍ച്ചയായും മനുഷ്യനെ നാം ആദരിച്ചിരിക്കുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മനുഷ്യന്റെ അസ്തിത്വപരമായ ഈ ആദരവിനെയും അന്തസ്സിനെയും പരിഗണിച്ചുകൊണ്ടുള്ളതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഓരോ ആരാധനയും. അതിന്റെ രൂപഭാവങ്ങളെല്ലാം മനുഷ്യന്റെ അന്തസ്സാര്‍ന്ന  വ്യക്തിത്വത്തിനു ചേരുംവിധമാണ് ഇസ്‌ലാമില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. എവിടെവച്ചും ആരുടെ മുമ്പില്‍ വച്ചും അഭിമാനപൂര്‍വം നിര്‍വഹിക്കാനാവുംവിധം ലക്ഷ്യബോധമുള്ള സമൂഹത്തിന്റെ പ്രാര്‍ഥനാനിര്‍ഭരമായ ജീവിതത്തെ അത് അടയാളപ്പെടുത്തുന്നു. രൂപഭാവങ്ങളില്‍ തന്നെ ആരാധനാ സ്വഭാവം പ്രകടമാവുന്ന ഏറ്റവും പ്രധാന ആരാധനയാണ് നമസ്‌കാരം. ദൈവത്തിനു മുമ്പില്‍ മനുഷ്യനു ശാരീരികമായി പ്രകടിപ്പിക്കാനാവുന്ന വിനീത ഭാവത്തിന്റെ പരമകാഷ്ഠ അതുള്‍ക്കൊള്ളുന്നു. സാരഗര്‍ഭമായ ദൈവപ്രകീര്‍ത്തനങ്ങളാലും സാക്ഷിമൊഴികളാലും ഹൃദയാര്‍ദ്രമായ അര്‍ഥകല്‍പനകളാലും അര്‍ഥപൂര്‍ണവും ഗംഭീരവുമാണ് അതിന്റെ നിര്‍വഹണം. ദൈനംദിന ജീവിതവ്യവഹാരങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ കുറിച്ച സമയബന്ധിതമായ ഓര്‍മപ്പെടുത്തലായി നമസ്‌കാരം സദാ വിശ്വാസിയോടൊപ്പമുണ്ട്. ഇത്തരത്തില്‍ മനുഷ്യനെ പ്രാര്‍ഥനാനിരതമാക്കുന്ന മറ്റൊരു ജീവിതദര്‍ശനമില്ല. അവിശ്വാസികളുടെ ആരാധനാരീതികളിലെ അന്തസ്സാരശൂന്യത ഖുര്‍ആന്‍ എടുത്തുകാണിക്കുന്നുണ്ട്. ദൈവമന്ദിരത്തില്‍ അവരുടെ നമസ്‌കാരം എന്താണ്, ചൂളംവിളിയും കൈകൊട്ടുമല്ലാതെ! ആരാധനാപരമായ നിരര്‍ഥക ചേഷ്ടകള്‍ അവരുടെ ദാര്‍ശനികമായ പരാജയത്തിന്റെ അടയാളമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it