ആരാധകര്‍ ഏറ്റുമുട്ടി;സുശീല്‍ കുമാറിനെതിരേ കേസ്‌

ന്യൂഡല്‍ഹി: ഗുസ്തി മല്‍സരത്തിനിടെ അരാധകര്‍ തമ്മിലടിച്ച സംഭവത്തില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവും പ്രശസ്ത ഗുസ്തി താരവുമായ സുശീല്‍ കുമാറിനെതിരേ കേസ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗുസ്തി മല്‍സരത്തിനിടെയാണ് സുശീല്‍ കുമാറിന്റെയും എതിരാളി പ്രവീണ്‍ റാണയുടെയും അരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. 2018ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു മല്‍സരം. മല്‍സരത്തില്‍ സുശീല്‍ കുമാര്‍ വിജയിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ അക്രമിക്കുകയായിരുന്നെന്നു റാണ ആരോപിച്ചു. ഇത് പിന്നീട് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു. ആക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണു സുശീല്‍കുമാറിനും അനുയായികള്‍ക്കും എതിരേ കേസെടുത്തതെന്ന് പോലിസ് അറിയിച്ചു. ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണു സുശീലിനും കൂട്ടാളികള്‍ക്കും എതിരേ ചുമത്തിയിട്ടുള്ളത്.  കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ മന്‍ദീപ്‌സിങ് രണ്‍ധാവ അറിയിച്ചു. സംഭവത്തിനു ശേഷം പര്‍വീണ്‍ റാണയ്‌ക്കെതിരേ പരാതിനല്‍കാന്‍ സുശീല്‍കുമാറും അനുയായികളും ഇതുവരെ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it