Middlepiece

ആരാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പിന്നില്‍?

ആരാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പിന്നില്‍?
X
slug--indraprasthamസുബ്രഹ്മണ്യന്‍ സ്വാമി എന്ന തമിഴ് പട്ടരുടെ രാഷ്ട്രീയചരിത്രം ദുരൂഹമാണ്. അടിയന്തരാവസ്ഥക്കാലത്താണ് ഈ അവതാരം അറിയപ്പെടാന്‍ തുടങ്ങിയത്. അന്ന് ഇന്ദിരാഗാന്ധിയുടെ വിമര്‍ശകനായിരുന്നു. ഇന്ദിര കക്ഷിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ വിദേശത്തേക്കു മുങ്ങി എന്നാണു കഥ.
തീര്‍ച്ചയായും സ്വാമിക്ക് വിദേശത്ത് വലിയ ബന്ധങ്ങളുണ്ടായിരുന്നു. അമേരിക്കയിലെ ഹാവഡ് സര്‍വകലാശാലയില്‍ കുറേക്കാലം ഇദ്ദേഹം അധ്യാപകനായിരുന്നു എന്നാണു പറയുന്നത്. ഇന്ദിരാഗാന്ധിയുടെ ഭരണം കഴിഞ്ഞപ്പോള്‍ താനാണ് ഇന്ദിരയെ വീഴ്ത്തിയത് എന്ന അവകാശവാദവുമായി ടിയാന്‍ അരങ്ങത്തുവന്നു. അന്ന് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വന്നപ്പോള്‍ അതിനകത്തു കയറിപ്പറ്റി.
അക്കാലത്ത് ആര്‍എസ്എസിന്റെ കണ്ണിലുണ്ണിയായിരുന്നു സ്വാമി. പിന്നീട് ആര്‍എസ്എസുമായി അകന്നു എന്നാണ് പലരും പറയുന്നത്. അല്ലെങ്കില്‍ അങ്ങനെയൊരു പുകമറ സൃഷ്ടിച്ചെടുക്കുന്നതില്‍ സ്വാമിയും നാഗ്പൂര്‍ പ്രമാണിമാരും വിജയിച്ചു. ഏതായാലും സ്വാമി ജനതാദള്‍പോലുള്ള മറ്റു കക്ഷികളില്‍ ചേക്കേറി. പഴയ ജനതാപാര്‍ട്ടിയെ പിളര്‍ത്തി ആര്‍എസ്എസ്, ബിജെപി എന്ന തങ്ങളുടെ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും മറ്റു പാര്‍ട്ടികളിലും തങ്ങളുടെ ചില ട്രോജന്‍കുതിരകളെ തയ്യാറാക്കിനിര്‍ത്തിയിരുന്നു. അതില്‍ പ്രധാനി സുബ്രഹ്മണ്യന്‍ സ്വാമി തന്നെ.
1996ല്‍ മൂന്നാംമുന്നണി രൂപീകരിച്ച് ദേവഗൗഡയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ച കാലത്ത് സ്വാമിയുടെ തനിനിറം പുറത്തുവന്നു. മന്ത്രിസഭയ്ക്കു പിന്നിലെ യഥാര്‍ഥ ശക്തികേന്ദ്രം ഹര്‍കിഷന്‍സിങ് സുര്‍ജിത്തും ഇടതുപക്ഷവുമായിരുന്നു. അവര്‍ക്കു വേലവയ്ക്കുന്ന പണിയാണ് മുന്നണിയില്‍ പലരും നടത്തിക്കൊണ്ടിരുന്നത്. അക്കാലത്ത് ഒരുതവണ സിപിഐയുടെ നേതാവ് എന്‍ ഇ ബാലറാം ക്ഷമയറ്റ് സ്വാമിയെ ചെരിപ്പൂരി അടിക്കാനായി ഓടിയടുത്തത് ചരിത്രമാണ്. പണ്ട് സന്ന്യാസിയാവാനായി കാവിയുടുത്ത് പിന്നെ കമ്മ്യൂണിസ്റ്റായ മഹാബ്രഹ്മചാരിയാണ് ബാലറാം. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത മനുഷ്യന്‍. അങ്ങേര്‍ക്ക് ഉച്ചിപ്രാന്ത് വരുന്ന നിലയില്‍ അലമ്പായിരുന്നു അന്ന് സ്വാമിയുടെ പ്രകടനം.
ഏതായാലും ദൈവകടാക്ഷംമൂലം ഈ വിദ്വാന്‍ അങ്ങേരുടെ സ്വന്തം തട്ടകത്തില്‍ തന്നെ എത്തിച്ചേര്‍ന്നു. ഭാരതീയ പശുവാദി പാര്‍ട്ടിയുടെ ഒന്നാന്തരം ട്രേഡ്മാര്‍ക്ക് നേതാവാണ് പട്ടരിപ്പോള്‍. അദ്ദേഹത്തിന്റെ സേവനങ്ങളെ പുരസ്‌കരിച്ച് നാഗ്പൂര്‍ സംഘം ടിയാന് രാജ്യസഭാംഗത്വവും നല്‍കിയിട്ടുണ്ട്.
സ്വാമിയുടെ അജണ്ടകള്‍ അത്ര രഹസ്യമൊന്നുമല്ല. കുറുവടിയല്ലാത്ത ആരെയും കുതികാല്‍വെട്ടുക എന്നതാണ് മുഖ്യപരിപാടി. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ രഘുറാം രാജനെ കൊണ്ടുവന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. പക്ഷേ, അദ്ദേഹത്തിന്റെ സേവനം ലോകമെങ്ങും അംഗീകരിച്ചതാണ്. കക്ഷിയെ അപമാനിച്ചും പിന്നില്‍നിന്നു കുത്തിയും തുരത്തി.
അടുത്ത ലക്ഷ്യം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ആണെന്നാണ് സ്വാമി പറയുന്നത്. അങ്ങേര്‍ക്കെതിരേ ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തി നാറ്റിച്ചുവിടാനാണ് ഇപ്പോള്‍ പരിപാടി. കക്ഷി ഇന്ത്യാവിരുദ്ധനാണ് എന്ന് വായ്ത്താരി. ഈ സ്വാമി ഹാവഡില്‍ പണിയെടുക്കുന്നകാലത്ത് എന്തായിരുന്നു പരിപാടി?
കക്ഷി ലക്ഷ്യംവയ്ക്കുന്നത് അരുണ്‍ ജെയ്റ്റ്‌ലിയെയാണ്. ജെയ്റ്റ്‌ലി താരതമ്യേന കഴിവുള്ള മന്ത്രിയാണ്. മാത്രമല്ല, ബിജെപി അംഗമാണെങ്കിലും വര്‍ഗീയവാദിയല്ല.
അങ്ങേരെ വെട്ടിനിരത്തി ജെയ്റ്റ്‌ലി കൈവശം വച്ചിരിക്കുന്ന ധനമന്ത്രാലയം കൈപ്പിടിയിലാക്കണം എന്നതാണ് സ്വാമിയുടെ ദുഷ്ടലാക്ക്. സ്വാമിയുടെ അജണ്ടകള്‍ക്കു പിന്നില്‍ കള്ളപ്പണലോബിയാണ് എന്ന കാര്യം തീര്‍ച്ചയാണ്. കാരണം, കള്ളപ്പണക്കാരെ പൂട്ടാന്‍ റിസര്‍വ് ബാങ്ക് നീങ്ങിയപ്പോഴാണ് രഘുറാം രാജനെ വീഴ്ത്തിയത്. തുറന്നവിപണിനയത്തിനോടു യോജിപ്പുള്ളതിനാലാണ് അരവിന്ദ് സുബ്രഹ്മണ്യത്തെ ഒരരുക്കാക്കാന്‍ നോക്കുന്നത്. രാജ്യത്തിന്റെ പൊതുതാല്‍പര്യം കൂടുതല്‍ പ്രധാനമാണ് എന്നു കരുതുന്നതിനാലാണ് അരുണ്‍ ജെയ്റ്റ്‌ലിയോട് അലര്‍ജി. $
Next Story

RELATED STORIES

Share it