ആരാണ് ജിയാനി ഇന്‍ഫന്റിനോ

വയസ്സ്: 45, പൗരത്വം: സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി
പശ്ചാത്തലം: അഭിഭാഷകനായി തുടങ്ങിയ അദ്ദേഹം പിന്നീട് യൂനിവേഴ്‌സിറ്റി വിഭാഗത്തില്‍ ഭരണാധികാരിയായി പ്രവര്‍ത്തിച്ചു. 2000ലാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ (യുവേഫ) എത്തുന്നത്.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം: ലോകകപ്പ് ടീമുകളുടെ എണ്ണം 40 ആക്കി ഉയര്‍ത്തുക.
വ്യക്തിവിവരണം: സ്വിറ്റ്‌സര്‍ലന്‍ഡ്-ഇറ്റാലിയന്‍ പൗരത്വമുള്ള ഇന്‍ഫന്റിനോ സ്വിറ്റ്‌സര്‍ലന്‍ഡിലെ ചെറുഗ്രാമമായ ബ്രിഗിലാണ് ജനിച്ചത്. ഫിഫയുടെ മുന്‍ മേധാവിയായ സെപ് ബ്ലാറ്റര്‍ ജനിച്ചത് ഇതിനു തൊട്ടടുത്തുള്ള ഗ്രാമമായ വിസ്പിലാണ്. ആറു മാസം മുമ്പ് വരെ ഫിഫ പ്രസിഡന്റാവുകയെന്ന നേരിയ ചിന്ത പോലും ഇന്‍ഫന്റിനോയുടെ മനസ്സിലുണ്ടായിരുന്നില്ല. അക്കാലത്ത് യുവേഫ പ്രസിഡന്റ് മിഷയേല്‍ പ്ലാറ്റിനിക്കു കീഴില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. അന്ന് ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പ്ലാറ്റിനി. എന്തെങ്കിലും കാരണവശാല്‍ പ്ലാറ്റിനിക്കു പിന്‍മാറേണ്ടിവരികയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മ ല്‍സരത്തിന് കൂടുതല്‍ ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇന്‍ഫന്റിനോ അപേക്ഷ നല്‍കിയത്.
എന്നാല്‍ ഫിഫയിലും യുവേഫയിലുമുണ്ടായ അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ പ്ലാറ്റിനി യുവേഫയില്‍ നിന്നു ആറു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യപ്പെടുക മാത്രമല്ല ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്നതില്‍ നിന്നു പോ ലും അയോഗ്യനാക്കപ്പെട്ടു. ഇതോടെയാണ് ഇന്‍ഫന്റിനോ മുന്നിലേക്കു കയറിവന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അ ന്തിമ അഞ്ചംഗ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴും ഇന്‍ഫന്റിനോയ്ക്ക് തിരഞ്ഞെടുപ്പില്‍ ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ സല്‍മാന്‍ ബിന്‍ ഇബ്രാഹിം ഖലീഫയ്ക്കാണ് പലരും മുന്‍തൂക്കം നല്‍കിയിരുന്നത്. ഒടുവില്‍ വാശിയേറിയ വോട്ടെടുപ്പില്‍ സല്‍മാനെ പിന്തള്ളി ഇന്‍ഫന്റിനോ ഫിഫ അമരത്ത് അവരോധിക്കപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it