ആരാണ് ഇന്നാട്ടില്‍ മനുഷ്യന്‍? 

ആരാണ് ഇന്നാട്ടില്‍ മനുഷ്യന്‍? 
X
slug--nilapaduharaവര്‍ഷങ്ങള്‍ക്കു മുമ്പ് വെര്‍ണര്‍ ഹെര്‍സോഗിന്റെ 'ദ എനിഗ്മ ഓഫ് കാസ്പര്‍ഹൗസര്‍' എന്ന സിനിമ കണ്ടതോര്‍ക്കുന്നു. ജനിച്ചതു മുതല്‍ 17ാം വയസ്സു വരെ മറ്റു മനുഷ്യരുമായും ജീവജാലങ്ങളുമായി യാതൊരു ഇടപെടലുമില്ലാതെ പൂട്ടിയിടപ്പെട്ട് ഒരു സെല്ലാറില്‍ കഴിഞ്ഞിരുന്ന കാസ്പര്‍ഹൗസറിന്റെ കഥ ഇപ്പോള്‍ ഓര്‍മ വന്നത് എറണാകുളത്തു സംഘടിപ്പിക്കപ്പെട്ട 'മനുഷ്യസംഗമം' എന്ന പരിപാടിയുടെ സാഹചര്യത്തിലാണ്. പ്രത്യേകിച്ചും 'മനുഷ്യനായി വരുക'യെന്ന ആ പരിപാടിയുടെ ആഹ്വാനം കൂടിയാണ് ഓര്‍മയിലേക്ക് ഈ കഥ കൊണ്ടുവന്നത്.
മറ്റു മനുഷ്യരുമായി അയാള്‍ക്ക് ആകെയുണ്ടായിരുന്ന ബന്ധം ഭക്ഷണം കൊടുത്ത് അയാളെ നോക്കിയിരുന്ന ഒരാള്‍ മാത്രമാണ്. 'മനുഷ്യസംസ്‌കാരം' എന്നൊക്കെ പറയപ്പെടുന്നതിനോട് അയാളുടെ ജീവിതവും സ്വഭാവവും ചേര്‍ന്നുപോകാത്തത് അന്നു ചിരിയുണര്‍ത്തിയിരുന്നു. ഇനിയും മനുഷ്യനായിത്തീര്‍ന്നിട്ടില്ലാത്ത ആള്‍ എന്നതായിരിക്കണം അന്നു തോന്നിയിരുന്നത്. യൂറോപ്പിലെ സാഹചര്യത്തില്‍ 'മനുഷ്യന്‍' എന്നു മനസ്സിലാക്കപ്പെടുന്ന ഒന്ന് അയാള്‍ക്ക് ഇല്ലായിരുന്നിരിക്കണം. അയാള്‍ ആയിത്തീരേണ്ട ഒരു മാതൃകയായിട്ടായിരിക്കണം 'മനുഷ്യന്‍' എന്നതിനെ പ്രേക്ഷകര്‍ കാണുന്നത്.
അപ്പോള്‍ എല്ലാ മനുഷ്യരും സ്വാഭാവികമായും മനുഷ്യരായി പരിഗണിക്കപ്പെടുന്നില്ല. പ്രത്യേക സന്ദര്‍ഭങ്ങളിലെ അധികാരം, സമുദായം, സംസ്‌കാരം, വിശ്വാസം, സ്വഭാവം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാകണം 'മനുഷ്യന്‍' എന്നു പരിഗണിക്കപ്പെടുന്നത്. വെളുത്ത വര്‍ഗക്കാരും ബ്രാഹ്മണരുമൊക്കെയാണ് മനുഷ്യരുടെ മാതൃകയായി കണക്കാക്കപ്പെടുന്നത്. സാംസ്‌കാരികമായും ശാരീരികവുമായ മാനദണ്ഡങ്ങള്‍ ഈ മാതൃകകളാണ്. ആധുനിക വൈദ്യശാസ്ത്ര വ്യവഹാരങ്ങള്‍ മാതൃകയാക്കുന്ന മനുഷ്യശരീരവും ഈ അധീശവിഭാഗങ്ങളുടേതാണ്.
17 വയസ്സു വരെ ഇരുട്ടറയില്‍ കിടന്ന 'മനുഷ്യ'ബന്ധമില്ലാത്ത ആ കഥാപാത്രത്തില്‍ നിന്നു വ്യത്യസ്തമായി ഈ മനുഷ്യലോകത്തു തന്നെ ജീവിക്കുന്ന എത്രയോ വിഭാഗങ്ങളെ മനുഷ്യരായി അംഗീകരിക്കുന്നില്ല. ദലിതര്‍, ആദിവാസികള്‍, കറുത്ത വര്‍ഗക്കാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, കുറ്റവാളികള്‍, അഭയാര്‍ഥികള്‍, മതവിശ്വാസികള്‍, തീവ്രവാദികള്‍ അങ്ങനെ എത്രയോ പേര്‍ 'മനുഷ്യന്‍' എന്നതില്‍ ഇനിയും എത്തിച്ചേരാത്തവരായി കണക്കാക്കപ്പെടുന്നു. അപ്പോള്‍ മനുഷ്യനായി വരുക എന്ന മനുഷ്യസംഗമത്തിന്റെ ആഹ്വാനം എന്താണ് ആവശ്യപ്പെടുന്നത്?
വര്‍ഗത്തെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍, വംശീയതയെ പ്രതിരോധിച്ചുകൊണ്ടുള്ള കറുത്ത വര്‍ഗ സിദ്ധാന്തങ്ങള്‍, പോസ്റ്റ് മോഡേണിസം, വ്യത്യസ്ത ഫെമിനിസങ്ങള്‍- ഈ സിദ്ധാന്തങ്ങളൊക്കെത്തന്നെ 'മനുഷ്യന്‍' എന്നതിനെ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട് എങ്കിലും കേരളത്തിലെ ഇടതു ലിബറല്‍ മുന്‍കൈയിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പരിപാടി 'മനുഷ്യന്‍' എന്നൊരു സങ്കല്‍പത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്നത് രസകരമാണ്. നാരായണഗുരുവിനെ പോലുള്ളവര്‍ മറ്റൊരു ചരിത്രസന്ദര്‍ഭത്തിലാണ് 'മനുഷ്യന്‍' എന്ന് ഉപയോഗിച്ചത്. വിമര്‍ശനങ്ങള്‍ക്കു മറുവാദമായി അവര്‍ ആ പാരമ്പര്യം ഉന്നയിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ 'മനുഷ്യന്‍' എന്ന സംജ്ഞയുടെ ഉപയോഗം മറ്റു ലിബറല്‍ രാഷ്ട്രീയദൗത്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നു കാണാം.
അതു മനസ്സിലാക്കാന്‍ ഈ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെയും മുസ്‌ലിം സംഘടനകളെ പുറന്തള്ളുന്ന രാഷ്ട്രീയത്തെയും പരിശോധിക്കേണ്ടതുണ്ട്. മോദി അധികാരത്തില്‍ വന്നതോടുകൂടിയാണ് പെട്ടെന്ന് ഫാഷിസ്റ്റ് വിരുദ്ധത, അസഹിഷ്ണുത എന്നിവയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ സജീവമാകുന്നത്. 1947നു ശേഷമുള്ള കാലഘട്ടത്തില്‍ ഭരണകൂട ഹിംസയോ ദലിതര്‍ക്കെതിരേയും മതന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള ഹിംസകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഒരു കാലഘട്ടമൊന്നുമല്ല ഇത്. അതു പല കാലഘട്ടങ്ങളില്‍ ശക്തമായി നിലനിന്നിട്ടുണ്ട്. കേന്ദ്രത്തില്‍ ഈ സമയങ്ങളില്‍ സംഘപരിവാരം ആയിരുന്നില്ല അധികാരത്തില്‍.
സംഘപരിവാര ഹിംസ തന്നെ എടുക്കുകയാണെങ്കില്‍ അതു കേന്ദ്രത്തിലെ അവരുടെ അധികാരം ഉപയോഗിച്ചു മാത്രമുള്ളതല്ലായിരുന്നു. ഗുജറാത്തിലെ കൂട്ടക്കൊലകള്‍ സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ നടത്താനും ബിജെപിക്കു കഴിഞ്ഞിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര ആക്രമണങ്ങളും നേരത്തേ നടന്നിട്ടുണ്ട്. ബാബരി/ മണ്ഡല്‍ കാലഘട്ടത്തില്‍ ഇടതുപക്ഷ ലിബറല്‍ പക്ഷത്തു നിന്ന് ഇത്തരം ആവേശമൊന്നും അന്ന് ഉയര്‍ന്നുവന്നിരുന്നില്ല. സംഘപരിവാര ഭരണത്തെ മാത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് സാമൂഹികമായ പല തലങ്ങളില്‍ വര്‍ഷങ്ങളായി സംഘപരിവാരം നടത്തുന്ന ഇടപെടലുകളെ തൊടാതെപോകുന്നുവെന്നത് ഈ പെട്ടെന്നു പൊട്ടിവിരിഞ്ഞ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളുടെ പ്രശ്‌നമാണ്.
ജാതി-മതവിവേചനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ ഹിംസകളെയും സൈനിക ഹിംസകളെയും ഫാഷിസം, അസഹിഷ്ണുത എന്നീ സംജ്ഞകള്‍ കൊണ്ട് അദൃശ്യമാക്കപ്പെടുന്നു. ഫാഷിസത്തിനെതിരേയുള്ള ഈ നവരാഷ്ട്രീയം ചെയ്യുന്ന മറ്റൊരു പ്രധാന കാര്യം ഫാഷിസം/ ജനങ്ങള്‍ എന്ന നിലയിലേക്ക് ലളിതമായ ഒരു ദ്വന്ദ്വം ഉണ്ടാക്കുന്നു എന്നതാണ്. അതിലൂടെ രണ്ടു കാര്യങ്ങള്‍ സാധിക്കുന്നു: ഒന്നാമതായി, എതിര്‍ക്കുന്ന രാഷ്ട്രീയത്തെ ഒരു അവ്യക്തതയില്‍ നിര്‍ത്താന്‍ കഴിയുന്നു. അതു ശരീരത്തിനു കേടില്ലാത്ത ഒരു ഫാഷിസ്റ്റ് വിരുദ്ധ റെട്ടൊറിക്കിനു സാധ്യത നല്‍കുന്നു. രണ്ടാമതായി മനുഷ്യന്‍, പൗരന്‍, ജനം തുടങ്ങിയ ജാതി-മതമുദ്രകള്‍ ദൃശ്യമാകാത്ത ഒരു ഗണത്തിലേക്ക് ലിബറലുകള്‍ സ്വയം പ്രതിഷ്ഠിക്കുന്നു. ജനം, പൗരന്‍ എന്നീ ഗണങ്ങള്‍ക്കുള്ളിലെ ജാതി-മത അസമത്വങ്ങളെയും വൈരുധ്യങ്ങളെയും മറയ്ക്കാന്‍ കഴിയുന്നു.
'മനുഷ്യസംഗമം' എന്ന പരിപാടി ഇടതു ലിബറല്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് ഈ വൈരുധ്യങ്ങളില്‍ നിന്നു സ്വയം രക്ഷ നേടാനും അവരുടെ ജാതിയാനുകൂല്യങ്ങള്‍, അധികാരം, സാമൂഹിക പദവി എന്നിവ മറയ്ക്കാനുമുള്ള സാധ്യത നല്‍കുന്നു. ഫാഷിസം എന്നാല്‍ പുറത്തുനില്‍ക്കുന്ന ഏതോ ശത്രു വിനെതിരേ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ആഭ്യന്തരമായ വൈരുധ്യങ്ങളെ അസാധുവാക്കുകയാണ് ചെയ്യുന്നത്.
ദേശീയവാദ പ്രസ്ഥാനങ്ങളുടെ ചരിത്രവും ഈയൊരു രാഷ്ട്രീയ പ്രതിസന്ധിയെ ചൂണ്ടിക്കാട്ടുന്നുണ്ട്. ജാതിവിരുദ്ധ സമരങ്ങള്‍ ഉള്‍പ്പെടെയുള്ള കീഴാളസമരങ്ങള്‍ ദേശീയപ്രസ്ഥാനത്തെ ശിഥിലീകരിക്കുന്നു എന്നായിരുന്നു അന്നത്തെ ഒരു ധാരണ. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ജാതി ഉള്‍പ്പെടെയുള്ള ആഭ്യന്തരപ്രശ്‌നങ്ങളെ അദൃശ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. ദേശീയവാദ ചരിത്രത്തില്‍ ഇടര്‍ച്ചകളില്ലാതെ തിരുകാന്‍ പറ്റിയതല്ല അന്നത്തെ കീഴാള സമരങ്ങള്‍ എന്നപോലെ ഫാഷിസമെന്ന ഒന്നിനെ എതിര്‍ക്കുന്നുവെന്ന പേരില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ജാതിവിവേചനവും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനവും.
വ്യത്യസ്ത ജാതി-മത-ഭാഷ-ന്യൂനപക്ഷ-ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങളില്‍ വ്യത്യസ്തതയുണ്ട് എന്നതുപോലെ അവരുടെ സമരങ്ങളും വ്യത്യസ്തമായിരിക്കും. ദേശരാഷ്ട്രം, പൗരത്വം, ആധുനികത എന്നിവയെ അഭിമുഖീകരിക്കുന്നതില്‍ വ്യത്യസ്തതകളുണ്ട്. ലിംഗരാഷ്ട്രീയത്തിലും സമുദായങ്ങളില്‍ വ്യത്യാസമുണ്ട്. ദലിത്-മുസ്‌ലിം-ആദിവാസി സ്ത്രീകള്‍ തന്നെ വ്യത്യസ്തമായതുകൊണ്ട് അവരുടെയും സമരങ്ങളില്‍ വ്യത്യസ്തതയുണ്ട്. ഈ വ്യത്യസ്തതകളെ അംഗീകരിക്കുന്ന രാഷ്ട്രീയത്തിനു മാത്രമായിരിക്കും അധികാരത്തിന്റെയും വിവേചനത്തിന്റെയും സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യാന്‍ കഴിയുക. ഇടതു ലിബറല്‍ രാഷ്ട്രീയം ഈ സങ്കീര്‍ണതകളെ കാണുന്നില്ല.
മനുഷ്യ സംഗമം മുസ്‌ലിം സമുദായത്തെ പുറന്തള്ളുന്നതിന്റെ രാഷ്ട്രീയം പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ അപകടകരമാണ് എന്നാണ് തോന്നുന്നത്. മുസ്‌ലിംകളെയല്ല മുസ്‌ലിം സംഘടനകളോടാണ് അവര്‍ക്കു പ്രശ്‌നം. ഒരു മതസംഘടനയെയും ക്ഷണിച്ചിട്ടില്ലെന്ന ഒരു ന്യായമാണ് അവര്‍ പറയുന്നത്. ഈ ന്യായം സാധാരണ കേള്‍ക്കുന്ന ഒരു ലിബറല്‍ മതേതര വ്യവഹാരമാണ്. മതം എന്നതിനോടുള്ള ഒരു ലിബറല്‍ മതേതര കാഴ്ചപ്പാടാണ്, മതം എന്നത് സ്വകാര്യയിടത്തില്‍ നില്‍ക്കേണ്ടതും പൊതുഇടത്തിലേക്കു കടക്കാന്‍ പാടില്ല എന്നൊരു ധാരണ. മതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലത്തെ അതു തള്ളിക്കളയുന്നു. മതം വിശ്വാസികളുടെ സാമൂഹിക ജീവിതത്തിന്റെയും വ്യക്തിത്വ രൂപീകരണത്തിന്റെയും ഒരു സുപ്രധാന ഘടകമാണെന്ന് അവര്‍ അംഗീകരിക്കില്ല.
ലിബറല്‍ മതേതര വ്യവഹാരങ്ങളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. അതിലേക്കു കടക്കുന്നില്ല. കേരളത്തിന്റെയും ഇന്ത്യയിലെ മറ്റു പലയിടങ്ങളിലെയും കീഴാള സമരങ്ങളിലും മതവിശ്വാസം പങ്കുവഹിച്ചിട്ടുണ്ടെന്ന ചരിത്രമുണ്ട്. മതപരിവര്‍ത്തനം എന്നതും ജാതിവിവേചനത്തിനെതിരായ സമരത്തിലെ ആയുധമാക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലെ അസ്തിത്വത്തെ നിരാകരിച്ചുകൊണ്ട് വര്‍ഗീയത എന്നു മുദ്രകുത്തുകയാണ് ലിബറല്‍ മതേതര വ്യവഹാരങ്ങള്‍ ചെയ്യുന്നത്. കമ്മ്യൂണലിസം എന്ന ഗണം ഒരു കൊളോണിയല്‍ നിര്‍മിതിയാണെന്ന് ജ്ഞാനേന്ദ്ര പാണ്ഡേയുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
'വര്‍ഗീയത'യെന്നത് ആ വ്യവഹാരങ്ങളെ പിന്‍പറ്റുന്ന ഒന്നാണെങ്കിലും 'സാമുദായികത'യെ ഒരു ഭീഷണിയായി നിര്‍മിക്കുന്ന 'കമ്മ്യൂണലിസം' എന്ന സംജ്ഞയെ ആ രീതിയിലല്ല പ്രകടിപ്പിക്കുന്നതെന്നു തോന്നുന്നു. ദേശരാഷ്ട്രത്തിനും ജനാധിപത്യത്തിനുമൊക്കെ എതിരായാണ് 'വര്‍ഗീയത' എന്ന വ്യവഹാരം നിര്‍മിച്ചെടുത്തിരിക്കുന്നത്. മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാന്നിധ്യത്തെത്തന്നെ 'വര്‍ഗീയത' എന്നാണ് ലിബറല്‍ മതേതര വ്യവഹാരങ്ങള്‍ കാണുന്നത്. മുസ്‌ലിം വിഭാഗങ്ങളുടെ അവകാശ രാഷ്ട്രീയത്തെയും പ്രതിരോധത്തെയും 'ന്യൂനപക്ഷ വര്‍ഗീയത'യായി കാണുകയും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത എന്ന ദ്വന്ദ്വം ഉണ്ടാക്കുകയും ചെയ്യുന്നു.
'ന്യൂനപക്ഷം' എന്ന ഗണം ഒരു ജനസംഖ്യാപരമായ ഗണമല്ലാതെ രാഷ്ട്രീയമായ ഒരു ഗണമാണെന്നു മനസ്സിലാക്കപ്പെടുന്നില്ല. 'ന്യൂനപക്ഷം' എന്നത് രാഷ്ട്രീയ-സാമൂഹിക പദവി എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഗണമാണ്. ഹിന്ദുത്വരാഷ്ട്രീയം ഭൂരിപക്ഷ വര്‍ഗീയത, മതരാഷ്ട്രീയ സംഘടന എന്നീ നിര്‍വചനങ്ങളില്‍ ഒതുക്കേണ്ട ഒന്നല്ല. ദേശരാഷ്ട്രം പോലുള്ള ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഹിന്ദു ജാതിവ്യവഹാരവുമൊക്കെ ഉള്‍ച്ചേര്‍ന്ന ഒരു രാഷ്ട്രീയപദ്ധതിയാണത്.
ജാതികളാല്‍ വിഘടിപ്പിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെ 'ഹിന്ദു' എന്ന അഭിജ്ഞാനതയിലേക്ക് ഉദ്ഗ്രഥിക്കാന്‍ മുസ്‌ലിം എന്ന ശത്രു എന്നും വേണ്ടിവന്നിരുന്നു. മണ്ഡല്‍ കമ്മീഷന്‍ ഹിന്ദു ജാതിവ്യവസ്ഥയ്ക്ക് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഘട്ടത്തില്‍ ബാബരി മസ്ജിദ് വിരുദ്ധ രാഷ്ട്രീയ പദ്ധതി ഹിന്ദുക്കളെ ഐക്യപ്പെടുത്താന്‍ കൂടിയുള്ള ഒന്നായിരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം എന്നു പറയപ്പെടുന്ന കാലഘട്ടത്തില്‍ ഉടനീളം ഈ ഹിന്ദുത്വരാഷ്ട്രീയം മുസ്‌ലിംശത്രുവിനെ എതിരുനിര്‍ത്തിയാണ് വളര്‍ന്നുവന്നത്. ആസൂത്രിതമായ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ ഈ 'ഹിന്ദു' സമുദായനിര്‍മിതിയുടെ ഭാഗമായിരുന്നു.
1920കള്‍ മുതലുള്ള ഈ ഹിന്ദുത്വ രാഷ്ട്രീയവ്യവഹാരങ്ങള്‍ സംഘപരിവാര വ്യവഹാരങ്ങളില്‍ ഒതുങ്ങിനിന്നില്ല. ദേശീയവാദ പ്രസ്ഥാനങ്ങളിലും മതേതര പ്രസ്ഥാനങ്ങളിലുമൊക്കെ ഈ വ്യവഹാരങ്ങളുടെ പ്രകടനം കാണാം. 'ന്യൂനപക്ഷ വര്‍ഗീയത' എന്ന സംഘപരിവാരഭാഷ്യത്തെ അപ്പാടെ സ്വീകരിച്ചു 'ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത' എന്ന ദ്വന്ദ്വത്തിലാണ് ലിബറല്‍ മതേതര വ്യവഹാരങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ഹിന്ദുത്വപദ്ധതി ശക്തിപ്രാപിച്ചു വന്നപ്പോള്‍ 'ബാബരി മസ്ജിദ്-രാമജന്മഭൂമി' പ്രശ്‌നമെന്ന നിലയ്ക്ക് ഒരു തര്‍ക്കപ്രശ്‌നമായാണ് മുഖ്യധാരാ മതേതര മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഇപ്പോള്‍ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ മുന്‍കൈയിലുള്ള മനുഷ്യസംഗമവും ഇതേ യുക്തിയില്‍ നിന്നുകൊണ്ടാണ് മുസ്‌ലിം പ്രസ്ഥാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നുവെന്നത് അംഗീകരിച്ചുകൊണ്ടുതന്നെ, അതിനെ പ്രതിരോധിക്കുന്ന മുസ്‌ലിം അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ വര്‍ഗീയ-ഫാഷിസ്റ്റ് സംഘടനകളായി മുദ്രകുത്തുകയുമാണ് ചെയ്യുന്നത്.
മുസ്‌ലിം സമുദായങ്ങളെ സംബന്ധിച്ച് എന്താണ് ഈ സംഘടനകള്‍ നല്‍കുന്ന സാധ്യതകള്‍ എന്ന് അവര്‍ ആലോചിക്കുന്നില്ല. ഈ സംഘടനകളുടെ ചരിത്രത്തെ ലിബറല്‍ മതേതര വീക്ഷണത്തിലൂടെയാണ് അവര്‍ നോക്കിക്കാണുന്നത്. ഈ തൂക്കമൊപ്പിക്കല്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇസ്‌ലാമിക സംഘടനകള്‍ തന്നെയാണ് ഇവരുടെ പ്രധാന ആശങ്കയെന്നു മനസ്സിലാക്കാന്‍ കഴിയും. സംഘപരിവാരത്തെ ഹിന്ദുമതത്തില്‍ നിന്നുള്ള ഒരു വ്യതിയാനമായാണ് പലപ്പോഴും മതേതര വ്യവഹാരങ്ങള്‍ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടുതന്നെ സംഘപരിവാര സംഘടന എന്നുതന്നെ പറയും. എന്നാല്‍, മുസ്‌ലിം/ ഇസ്‌ലാമിക സംഘടനകളെ ഇസ്‌ലാമില്‍ തന്നെ അന്തര്‍ലീനമായ അധികാരത്തിന്റെ പ്രശ്‌നമായി വ്യാഖ്യാനിക്കും. 'ഇസ്‌ലാമിക ഭീകരവാദം' എന്നതിന്റെ എതിരായി നിര്‍ത്തുന്നത് 'സംഘിഭീകരത'യെ ആണെന്നത് ശ്രദ്ധിച്ചാല്‍ ഇതു ബോധ്യപ്പെടും.
മുസ്‌ലിം സംഘടനകളെ വര്‍ഗീയ സംഘടനകളായും ദലിത് സംഘടനകളെ ജാതീയ സംഘടനകളായും മുദ്രകുത്തുന്നതിലൂടെ സിപിഎം പോലുള്ള ഇടതു പാര്‍ട്ടികള്‍ക്ക് മുഴുവന്‍ സമുദായങ്ങളെയും രക്ഷിക്കാനുള്ള അധികാരത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്. മുസ്‌ലിംകളെ ഇരകള്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ അംഗീകരിക്കുക. അല്ലെങ്കില്‍ മുസ്‌ലിം സമുദായങ്ങളെ ലിബറല്‍ വീക്ഷണത്തിലൂടെ വിമര്‍ശിക്കുന്ന 'നല്ല മുസ്‌ലിം'കളെ. പ്രതിരോധത്തിന്റെ രാഷ്ട്രീയം പറയുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളെ അവര്‍ അംഗീകരിക്കില്ല.
മനുഷ്യസംഗമം പോലുള്ള ഇടതു ലിബറല്‍ ഇടങ്ങളില്‍ ഔദാര്യം പോലെ അനുവദിക്കപ്പെടുന്ന ദലിത് പ്രാതിനിധ്യം ഒരുപക്ഷേ ജാതീയ സ്ഥാനത്തെ ഉലയ്ക്കാതെത്തന്നെ ഹിന്ദു സമുദായത്തിലേക്ക് ഉദ്ഗ്രഥിക്കുന്ന ഒരു ലിബറല്‍ ഹിന്ദു രീതിയോട് സാമ്യത ഉള്ളതാണ്. ചെങ്ങറ സമരം ഉള്‍പ്പെടെ ദലിത് സമരങ്ങളെ എതിര്‍ക്കുന്നതില്‍ മുന്നില്‍ നിന്ന മുഖ്യധാരാ ഇടതുപക്ഷ സംഘടനകള്‍ മനുഷ്യസംഗമത്തില്‍ ദലിതര്‍ക്ക് സ്ഥാനം അനുവദിക്കുകയും മുസ്‌ലിംകളെ തള്ളുകയും ചെയ്യുന്നത് ജാതിവിരുദ്ധത അവകാശപ്പെട്ടുകൊണ്ട് മുസ്‌ലിം വിരുദ്ധതയെ മറയ്ക്കാനായിരിക്കാം. മറ്റൊന്ന്, കാലാകാലങ്ങളായി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിംസകളെ മറവിയിലേക്കു തള്ളാനുള്ള ശ്രമവുമാണിത്. $
Next Story

RELATED STORIES

Share it