ആരവങ്ങള്‍ക്ക് എംവിആറില്ല; മകളുണ്ട്; പക്ഷേ...

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: എംവിആര്‍ എന്ന മൂന്നക്ഷരം അറിയാത്ത, കേള്‍ക്കാത്ത കേരളീയരുണ്ടാവില്ല. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം. ഇടയ്ക്കുവച്ച് അതേ കമ്മ്യൂണിസ്റ്റുകാരോട് കൊമ്പുകോര്‍ത്ത ഒറ്റയാന്‍. ഒടുവില്‍ ആര്‍ക്കൊപ്പമെന്നു തെളിച്ചുപറയാതെ വിടവാങ്ങല്‍.
വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പെത്തുമ്പോള്‍ എംവിആറിന്റെ ഓര്‍മകള്‍ അലയടിക്കുന്നു. എംവിആറിന്റെ മകള്‍ എം വി ഗിരിജ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കാലങ്ങളോളം പിതാവിനെ വേട്ടയാടിയവര്‍ക്കൊപ്പമാണ് മകളുള്ളതെന്നത് ഒരുപക്ഷേ വിരോധഭാസമാവാം. എന്നാല്‍, ഊണിലും ഉറക്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പോരാടുമ്പോഴും എംവിആര്‍ കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നുവെന്നും പിതാവിനെ വഞ്ചിച്ച യുഡിഎഫിനോട് പകരം ചോദിക്കണമെന്നും മക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.
അതുകൊണ്ടു തന്നെയാണ് എംവിആറിന്റെ പഴയ തട്ടകത്തിലേക്കു മടങ്ങാന്‍ മക്കള്‍ തീരുമാനിച്ചത്. മുന്‍മന്ത്രിയും സിഎംപി സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വി രാഘവന്റെ മകള്‍ ഗിരിജ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനു വേണ്ടി ജനവിധി തേടുന്നു.
ഒരുകാലത്ത് പിതാവിന് രാഷ്ട്രീയാഭയം നല്‍കിയ കോണ്‍ഗ്രസ്സിലെ കരുത്തന്‍ കെ സുധാകരന്റെ നോമിനിയും എഐസിസി അംഗവുമായ സുമ ബാലകൃഷ്ണനോടാണ് കിഴുന്നയില്‍ ഗിരിജ ഏറ്റുമുട്ടുന്നത്.
എംവിആറിന്റെ മരണശേഷമാണ് അരവിന്ദാക്ഷന്‍ വിഭാഗം പൂര്‍ണമായും എല്‍ഡിഎഫിലെത്തിയത്. എന്നാല്‍, മൂത്ത സഹോദരന്‍ എം വി ഗിരീഷ്‌കുമാര്‍ യുഡിഎഫ് പക്ഷത്തുതന്നെ നിലയുറപ്പിക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടതുമുന്നണി ടിക്കറ്റ് നല്‍കുമെന്നും ശ്രുതിയുണ്ട്.
Next Story

RELATED STORIES

Share it