ആരവങ്ങളില്ല; ദൃശ്യോല്‍സവത്തിന്നാളെ തിരിതെളിയും

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: കാഴ്ചയുടെ വിസ്മയജാലകം തുറക്കാ ന്‍ ഇനി മണിക്കൂറുകള്‍മാത്രം. ലോക സിനിമകളുടെ ദൃശ്യവിരുന്നിനു വേദിയാവുമ്പോള്‍ അനന്തപുരി ഇനി ഏഴുനാള്‍ സിനിമാ തലസ്ഥാനമാവും. നാളെ മുതല്‍ ഡിസംബര്‍ 15 വരെ തലസ്ഥാനത്തെ 15 തിയേറ്ററുകളിലായാണു സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ വേദനയില്‍ ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ചാണ് ഇക്കുറി ചലച്ചിത്രമാമാങ്കത്തിന് തിരശ്ശീല ഉയരുന്നത്. എന്നാല്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. നാളെ വൈകീട്ട് ആറിന് നിശാഗന്ധിയിലാണ് ആദ്യ സിനിമയുടെ പ്രദര്‍ശനം. 'ഇന്‍സള്‍ട്ട്' എന്ന ഉദ്ഘാടന ചിത്രത്തിന്റെ ്രപദര്‍ശനത്തിനു മുമ്പ് ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിക്കും. ഫെസ്റ്റിവലിന്റെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഗസ്റ്റ് ഹോണറായ നടന്‍ പ്രകാശ് രാജും ആദ്യ പ്രദര്‍ശനം കാണാനെത്തും. 190 സിനിമകളാണ് ഇക്കുറി സിനിമാ പ്രേമികളെ കാത്തിരിക്കുന്നത്. 65 രാജ്യങ്ങളില്‍ നിന്നുള്ള ഇവയില്‍ 40ഓളം സിനിമകളുടെ ആദ്യ പ്രദര്‍ശനം കൂടിയാണു മേള. ആകെ 11,000 പാസുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ഇവയില്‍ 8000 പാസുകളും പൊതു വിഭാഗത്തില്‍പ്പെട്ട ഡെലിഗേറ്റുകള്‍ക്കു മാത്രമുള്ളവയാണ്. എല്ലാ തിയേറ്ററുകളിലുമായി 8,848 സീറ്റുകളാണുള്ളത്. ദിനംപ്രതി മൂന്നു പ്രദര്‍ശനങ്ങളുണ്ടാവും. പതിവു േപാലെ റിസര്‍വേഷന്‍ സൗകര്യം ഇക്കുറിയും ഉണ്ടായിരിക്കും. 60 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യാം. അംഗപരിമിതരെയും 70 വയസ്സു കഴിഞ്ഞവരെയും ക്യൂവില്‍ നിര്‍ത്താതെ പ്രവേശനം നല്‍കും. 14 ചിത്രങ്ങളാണ് ഇക്കുറി മല്‍സരത്തിനുള്ളത്. ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ തുടങ്ങിയ മൂന്നാം ലോക രാജ്യങ്ങളിലെ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തുന്ന ചലച്ചിത്രമേളയില്‍ മല്‍സര വിഭാഗങ്ങളിലും ഈ മേഖലയിലെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മേളയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ഇതിനു പുറമെ ചലച്ചിത്ര സംവിധായകരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി ദ്വിദിന ശില്‍പ്പശാലയും സംഘടിപ്പിക്കും. 12, 13 തിയ്യതികളിലാണു ശില്‍പ്പശാല. വിവിധ ശില്‍പശാലകളിലായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ബംഗാളി ചലച്ചിത്രകാരി അപര്‍ണാ സെന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it