ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കമായി

റാഞ്ചി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനു തുടക്കമായി. 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷയ്ക്കായുള്ള പദ്ധതിയെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പാവപ്പെട്ടവര്‍ക്കു മികച്ച ചികില്‍സ നല്‍കുന്നതില്‍ വലിയ ചുവടുവയ്പാണിതെന്ന് ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദ്ധതിയാണിതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതിലൂടെ 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കും. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി പദ്ധതി പ്രഖ്യാപിച്ചത്. 2011ലെ സാമൂഹിക, സാമ്പത്തിക സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുക. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
60 ശതമാനം ചെലവ് കേന്ദ്രവും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. പദ്ധതിയില്‍ ചേരാന്‍ വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അര്‍ഹരായവര്‍ക്ക് തിരഞ്ഞെടുത്ത ആശുപത്രികളില്‍ ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് രേഖയായി നല്‍കിയാല്‍ ചികില്‍സ ലഭിക്കും. രാജ്യത്ത് 13,000 ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. 31 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പാക്കും.
അതേസമയം, കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നിവയാണ് കേരളത്തിന് പുറമെയുള്ള സംസ്ഥാനങ്ങള്‍. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ നാളെ മുതല്‍ പദ്ധതി നിലവില്‍വരുമെന്ന് നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ പറഞ്ഞു. പദ്ധതി ആവിഷ്‌കരിച്ചതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് വിനോദ് പോള്‍. പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ പേരുമാറ്റിയാണ് ആയുഷ്മാന്‍ ഭാരത് ആക്കിയത്.

Next Story

RELATED STORIES

Share it