Editorial

ആയുഷ്മാന്‍ ഭാരത് എപ്പോള്‍ വരും?

പതിവുപോലെ വലിയ അവകാശവാദങ്ങളും പ്രചാരണ പരിപാടികളുമായാണ് നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സമാരംഭിച്ചത്. റാഞ്ചിയില്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞത്, ലോകത്തെത്തന്നെ ഏറ്റവും വിപുലമായ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ഇത് എന്നാണ്. 130 കോടി ജനങ്ങളില്‍ 50 കോടിയിലേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാവും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് ആരോഗ്യ സംരക്ഷണ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടാണ് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം തുടങ്ങി 1300 തരം രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് അഞ്ചു ലക്ഷം രൂപ വരെ പദ്ധതിയിലെ അംഗങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദരിദ്ര വിഭാഗങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങളും ആധുനിക സാങ്കേതിക മികവും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറയുന്നു.
നല്ലതു തന്നെ. പക്ഷേ, 50 കോടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതിയില്‍ രോഗനിര്‍ണയവും ചികില്‍സയും നടത്താനായി ഇതുവരെ 13,000 ആശുപത്രികളെ മാത്രമാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും ചികില്‍സയുടെ പേരില്‍ ധനം നേടിയെടുക്കുകയും ചെയ്യാം. എന്നാല്‍, ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയില്‍ ഇതിന്റെ എത്രയോ ഇരട്ടി ആശുപത്രികള്‍ ഉണ്ടെങ്കില്‍ മാത്രമേ പൗരന്‍മാര്‍ക്ക് പരിമിതമായ മട്ടിലെങ്കിലും വൈദ്യസഹായം എത്തിച്ചുകൊടുക്കാന്‍ സാധിക്കുകയുള്ളൂ.
കേരളം പോലുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ മാത്രമാണ് ആരോഗ്യ മേഖല തൃപ്തികരമായ മട്ടില്‍ സേവനം നല്‍കുന്ന വിധം വികസിച്ചിട്ടുള്ളത്. ദീര്‍ഘകാലത്തെ സര്‍ക്കാര്‍ പദ്ധതികളും സ്വകാര്യ മേഖലയുടെ ശക്തമായ പങ്കാളിത്തവുമാണ് അതിനു സഹായകമായത്. എന്നാല്‍, അത്തരത്തിലുള്ള യാതൊരു പ്രാഥമികമായ തയ്യാറെടുപ്പുകളും സൗകര്യങ്ങളും രാജ്യത്തിന്റെ വിശാലമായ പ്രദേശങ്ങളില്‍ ഇന്നും ലഭ്യമല്ലെന്നത് സത്യം മാത്രമാണ്. ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാതെ കുട്ടികള്‍ മരിക്കാന്‍ ഇടയായ സന്ദര്‍ഭത്തില്‍ പ്രശ്‌നപരിഹാരത്തിനു പകരം ബന്ധപ്പെട്ട ഡോക്ടറെ പീഡിപ്പിക്കാനാണ് ഭരണകൂടം തയ്യാറായത്.
ചുരുക്കത്തില്‍, മോദിയുടെ അവകാശവാദങ്ങളും നാട്ടിലെ യാഥാര്‍ഥ്യങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ മറ്റൊരു കസര്‍ത്ത് എന്നതിനപ്പുറം ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന കാര്യം സംശയമാണ്. നേരത്തേ സ്വച്ഛ് ഭാരത് പദ്ധതിയും മേക്ക് ഇന്‍ ഇന്ത്യയുമൊക്കെ ഇങ്ങനെ കൊട്ടും കുരവയുമായി തുടങ്ങിയതാണ്. എന്താണ് ഈ പദ്ധതികളുടെ ഇന്നത്തെ അവസ്ഥയെന്നു പരിശോധിച്ചുനോക്കിയാല്‍ അറിയാം പുതിയ ആരോഗ്യ പദ്ധതിയുടെ ഭാവി. ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നത് നാട്ടിലെ ജനങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യം മാത്രമാണ്.

Next Story

RELATED STORIES

Share it