kasaragod local

ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം അന്യാധീനമാവുന്നു



കാസര്‍കോട്: താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം അന്യാധീനപ്പെടുന്നു. തിരിച്ചുപിടിക്കാന്‍ നടപടിയില്ലാത്തതിനാല്‍ ആശുപത്രി വികസനം മരീചികയാവുന്നു. ദേശീയപാതയിലെ നുള്ളിപ്പാടിക്കടുത്ത അണങ്കൂരില്‍ ആയുര്‍വേദ ആശുപത്രിക്ക് അനുവദിച്ച 60 സെന്റ് റവന്യൂ ഭൂമിയില്‍ 1997ലാണ് മൂന്നുനില കെട്ടിടമായത്്. എന്നാല്‍ അന്ന് സ്ഥലം അളന്നു തിരിക്കാതെ ഏതാണ്ട് 25 സെന്റ് ഭൂമി മാത്രം രണ്ട് വശത്ത് മതില്‍ കെട്ടുകയായിരുന്നു. ആശുപത്രിയുടെ പകുതിയില്‍ അധികം സ്ഥലവും മതിലിന് പുറത്താണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലമാണിത്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരസഭാംഗങ്ങളുടെ ഒത്താശയുടെ സ്ഥലം കൈയേറുകയാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ നഗരസഭ കൗണ്‍സിലിന്റെ കാലത്ത് സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുര്‍റഹ്്മാന്‍ കുഞ്ഞ്മാസ്റ്റരുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഒരു വിഭാഗം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതുസംബന്ധിച്ച് നഗരസഭ പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അണങ്കൂര്‍ പാറക്കട്ട റോഡ് കടന്നു പോകുന്നത് ആശുപത്രിക്ക് അനുവദിച്ച സ്ഥലത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ്. ആശുപത്രി വികസന സമിതിയും ആശുപത്രി അധികൃതരും വര്‍ഷങ്ങളായി ആശുപത്രിയുടെ സ്ഥലം അളന്നു തിരിച്ചു നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. വടക്കുഭാഗത്ത് തന്നെ സ്ഥലം കൈയേറി ഒരു ആരാധനാലയത്തിന്റെ ഭണ്ഡാരവും തട്ടുകടയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടുത്തെ തട്ടുകട നിരവധി തവണ പോലിസ് ഒഴിപ്പിച്ചെങ്കിലും പിന്നീട് ഇവിടെ തന്നെ സ്ഥാപിക്കുകയായിരുന്നു. ആശുപത്രിയില്‍ മെറ്റേണിറ്റി വാര്‍ഡും ഐ കെയര്‍ യൂനിറ്റും സ്ഥാപിക്കാന്‍ നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാനാവുമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയ ചോദിക്കുന്നത്. ആയുര്‍വേദ ആശുപത്രിക്ക് വേണ്ടി ഔഷധ തോട്ടം നിര്‍മിക്കാനുള്ള പദ്ധതിയും സ്ഥലം ഇല്ലാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. നിത്യേന 200ലധികം രോഗികള്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നുണ്ട്. 30 രോഗികളെ കിടത്തി ചികില്‍സിക്കുന്നുണ്ട്. ഇതില്‍ 10 എണ്ണം പ്രായമായവര്‍ക്ക് മാറ്റിവച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലെന്ന പരാതിയുണ്ട്. മഴക്കാലമായാല്‍ ആശുപത്രിയുടെ ശൗചാലയ ടാങ്ക് നിറഞ്ഞ് കവിഞ്ഞ് ആശുപത്രി പരിസരത്ത് മലിനജലം ഒഴുകുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ശൗചാലമാലിന്യങ്ങള്‍ വര്‍ഷംതോറും നീക്കുന്നത്. ജില്ലയിലെ മികച്ച ആയുര്‍വേദ ചികില്‍സ ലഭിക്കുന്ന ഈ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പ്രതിസന്ധിയിലാണ്. പഞ്ചകര്‍മ്മ, കൗമാര പ്രായക്കാര്‍ക്കുള്ള പ്രത്യേക ചികില്‍സ, കരള്‍ രോഗ ചികില്‍സ, സ്‌നേഹധാര, ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ചികില്‍സ വിഭാഗം, പാലിയേറ്റീവ് കെയര്‍ സംവിധാനം തുടങ്ങി വിവിധ പദ്ധതികളാണ് ആശുപത്രിയില്‍ നടപ്പിലാക്കുന്നത്. ആശുപത്രിയുടെ സ്ഥലം തിരിച്ചുപിടിക്കാന്‍ ആശുപത്രി മെഡിക്കല്‍ ഓഫിസറും വികസന സമിതി അംഗങ്ങളും നഗരസഭയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ആശുപത്രിയുടെ സ്ഥലം തിരിച്ചുപിടിക്കാന്‍ നഗരസഭയാണ് പരാതി നല്‍കേണ്ടതെന്നും സ്ഥലം ആശുപത്രിക്ക് തന്നെ ലഭിക്കണമെന്നും ഇതിന് നിയമം പാലിക്കപ്പെടണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തേജസിനോട് പറഞ്ഞു. നേരത്തെ റവന്യൂ അധികൃതര്‍ സ്ഥലം അളന്ന് അതിര്‍ത്തിയില്‍ കല്ല് സ്ഥാപിച്ചിരുന്നെങ്കിലും സമീപ വാസികള്‍ കല്ല് പറിച്ച് കളയുകയായിരുന്നു. താഴെ നിലയില്‍ ഔട്ട് പേഷ്യന്റ് വിഭാഗവും ഒന്നാം നിലയില്‍ സ്ത്രീകളുടെ വാര്‍ഡും രണ്ടാം നിലയില്‍ പുരുഷന്‍മാരുടെ വാര്‍ഡുമാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുണ്ടെങ്കിലും സ്ഥല പരിമിതി കൊണ്ട് രോഗികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്.
Next Story

RELATED STORIES

Share it