Flash News

ആയുര്‍വേദം, ടൂറിസം : ചെക്ക് റിപബ്ലിക്കും കേരളവും സഹകരിക്കും



തിരുവനന്തപുരം: ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ചെക്ക് റിപബ്ലിക് താല്‍പര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക്, ചെക്ക് പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ റോസ്റ്റിസ്ലാവ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ. മുഖ്യമന്ത്രിയുടെ ചേംബറില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്ലാനിങ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ വി എസ് സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ എന്നിവരും പങ്കെടുത്തു. കേരളവുമായി കൂടുതല്‍ സഹകരിക്കുന്നതിന്റെ നാന്ദിയായി ചെക്ക് റിപബ്ലിക്കിന്റെ രണ്ടാമത്തെ വിസ ഓഫിസ് തിരുവനന്തപുരത്ത് തുറക്കുമെന്ന് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക അറിയിച്ചു. കൊച്ചിയില്‍ ഇപ്പോള്‍ വിസ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചെക്ക് റിപബ്ലിക്കിന്റെ രണ്ട് വിസ ഓഫിസുള്ള ഏക സംസ്ഥാനമാവും കേരളമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഓഫിസ് തിരുവനന്തപുരത്ത് തുറക്കാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ആയുര്‍വേദ ചികില്‍സയില്‍ കേരളത്തിന്റെ മികവ് ലോകം അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലകളിലും ചെക്കുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിര്‍ദേശങ്ങളോട് ക്രിയാത്മകമായാണ് ചെക്ക് സംഘം പ്രതികരിച്ചത്. സൗരോര്‍ജംപോലെ പാരമ്പര്യേതര ഊര്‍ജത്തിന്റെ രംഗത്തും സഹകരണമാവാമെന്ന് ചെക്ക് പ്രതിനിധികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it