kannur local

ആയുധശേഖരം പിടികൂടിയ സംഭവം; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: പഴയനിരത്തില്‍ വന്‍ ആയുധശേഖരം പിടികൂടിയ കേസില്‍ കൊലപാതകമടക്കം നിരവധി കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പഴയനിരത്തിലെ പി എം മനോരാജ് എന്ന നാരായണനെയാണ് കൂത്തുപറമ്പ് സിഐ കെ പ്രേംസദന്‍, എസ്‌ഐ ശിവന്‍ചോടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പുറക്കളത്തുവച്ച് പിടികൂടിയത്.
തിരുവഞ്ചേരി കാവിന്റെ ഭാഗത്ത് മനോരാജ് ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ സിഐയും സംഘവത്തെയും കണ്ട മനോരാജ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ എത്തിയ സിഐ പ്രേംസദനും സംഘവും സാഹസികമായി ഇയാളെ പിടികൂടി. കഴിഞ്ഞ 19നാണ് പഴയനിരത്ത് പി പി നാണു മാസ്റ്റര്‍ സ്മാരക റോഡിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍നിന്ന് 34 ബോംബുകളടക്കം വന്‍ ആയുധശേഖരം പിടികൂടിയത്.
12 വടിവാള്‍, മഴു, എസ് കത്തി, ഒരു തോക്ക്, രണ്ട് തിര, ഹോക്കി സ്റ്റിക്ക്, ഇരുമ്പു വടി, ഒരു ചാക്ക് നായ്ക്കുരണപ്പൊടി തുടങ്ങിയവയും പിടികൂടിയിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയും കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ പി എം മധുസൂദനന്റെ സഹോദരനാണ് പിടിയിലായ മനോരാജ്. ഈ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ചത് മനോരാജിന്റെ സഹോദരി ഭര്‍ത്താവായ എം സുകുമാരനെയാണ്.
ബിജെപി പ്രവര്‍ത്തകന്‍ രാജനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ടയാളാണ് സുകുമാരന്‍. പാനുണ്ട സത്യനെ തലയറുത്ത് കൊന്ന കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മനോരാജ്. ടി പി ചന്ദ്രശേഖരന്‍, ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് എന്നിവരുടെ കൊലപാതകത്തിലും ആരോപണവിധേയനായിരുന്നു ഇയാള്‍.
Next Story

RELATED STORIES

Share it