ernakulam local

ആയുധപരിശീലന ക്യാംപിനെതിരേ പ്രദേശവാസികള്‍ രംഗത്ത്‌

കൊച്ചി: കാലടി ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന  ആയുധപരിശീലന ക്യാംപിനെതിരേ പ്രദേശവാസികള്‍ രംഗത്ത്. ആയുധ പരിശീലന ക്യാംപിനെതിരേ പ്രദേശവാസികള്‍ പോലിസിന് പരാതി നല്‍കാനൊരുങ്ങുകയാണ്.
ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആയുധപരിശീലന ക്യാംപിന് അനുമതി നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും കാലടിയിലും മറ്റ് പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ വ്യാപകമായിരിക്കുന്നത്.
ക്യാംപിന് അനുമതി നല്‍കിയ സ്‌കൂള്‍ അധികൃതരുടെ തീരുമാനം പിന്‍വലിക്കുക, ആര്‍എസ്എസ് ആയുധ പരിശീലനത്തിന് സ്‌കൂള്‍ വിട്ടു നല്‍കരുത്, വിദ്യാലയ വിശുദ്ധി കാത്തു സൂക്ഷിക്കുക എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ക്യാപിന്റെ പേരില്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന പിരിവില്‍ കയ്യാങ്കളി ഉണ്ടാവുകയും പിരിവ് നല്‍കാത്തവര്‍ക്കെതിരേ ഭീഷണി മുഴക്കുകയും ചെയ്തതായും ആരോപണമുണ്ട്.
കഴിഞ്ഞ 23ന് ആരംഭിച്ച ക്യാംപ് 31 നാണ് സമാപിക്കുന്നത്. ക്യാംപ് നടക്കുന്ന സ്‌കൂളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാത്രിയും മറ്റും വാഹനങ്ങള്‍ വന്ന് പോവുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. എല്ലാ വര്‍ഷവും ആര്‍എസ്എസിന്റെ ആയുധപരിശീലന ക്യാംപിന് ഈ സ്‌കൂള്‍ വിട്ടുകൊടുക്കാറുണ്ട്.
പിടിഎ മീറ്റിങ്ങില്‍ ക്യാംപിന് സ്‌കൂള്‍ വിട്ട് നല്‍കേണ്ട എന്നഭിപ്രായത്തെ സ്‌കൂള്‍ മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നു.  ഇതിനെതിരേ വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it