Flash News

ആയിശാബീവിയുടെ മാതൃഹൃദയം കനിഞ്ഞു; പ്രതീക്ഷയോടെ ഷഫീഉല്ലയും കുടുംബവും

മലപ്പുറം: വിശുദ്ധ റമദാനെ മു ന്‍നിര്‍ത്തി മകന്റെ ഘാതകനു പെറ്റുമ്മ മാപ്പു നല്‍കി. ജീവിതപ്രതീക്ഷയിലാണിനി ഷഫീഉല്ലയും കുടുംബവും. 26 ശനിയാഴ്ച രാവിലെ യുപിയിലെ ഗോണ്ട റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു റസിയയും സഹോദരങ്ങളും ട്രെയിന്‍ കയറി. മലപ്പുറം പാണക്കാടായിരുന്നു ലക്ഷ്യം. സൗദിയില്‍ വധശിക്ഷ കാത്തിരിക്കുന്ന ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചു വേണം. ചെറിയ ആണ്‍കുട്ടിയും കല്യാണപ്രായമായ രണ്ടു പെണ്‍മക്കളും. ഉപ്പയെ അവരുടെ മുന്നിലെത്തിക്കണം.
ആറു വര്‍ഷം മുമ്പ് സൗദിയിലെ അല്‍ഹസയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു ഉത്തര്‍പ്രദേശ് ഗോണ്ട ജില്ലയിലെ ഗുഹന്ത സ്വദേശി മുഹര്‍റം അലി ഷഫീഉല്ല. ഇതേ പെട്രോ ള്‍ പമ്പില്‍ സൂപ്പര്‍വൈസറായിരുന്നു ഒറ്റപ്പാലം സ്വദേശി 24കാരന്‍ ആസിഫ്. ഇരുവരും സൗഹൃദത്തിലായിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങുന്ന ആസിഫിനെ പച്ചക്കറി അരിയുന്ന കത്തി കൊണ്ട് മുഹര്‍റം അലി ഷഫീഉല്ല (38) കഴുത്തറുത്തു കൊന്നു. പ്രതിയെ അന്നുതന്നെ അറബ് പോലിസ് പിടികൂടി. അല്‍ഹസ കെഎംസിസിയുടെ നേതൃത്വത്തില്‍ ആസിഫിനു നീതി ലഭിക്കാന്‍ നിരന്തരമായ നിയമപോരാട്ടങ്ങള്‍ നടന്നു.
മനോവിഭ്രാന്തി കാണിച്ച പ്രതിയെ ജയിലില്‍ നിന്നു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2017 നവംബറില്‍ കോടതി ഷഫീഉല്ലയെ വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷാവിധി പോലിസ് അല്‍ഹസയിലെ കെഎംസിസിയെ അറിയിച്ചു. കെഎംസിസി ഭാരവാഹികള്‍ പ്രതിയുടെ വിലാസത്തില്‍ യുപിയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരണപ്പെട്ടവരുടെ ഭാര്യയോ ഉമ്മയോ മാപ്പുകൊടുത്താല്‍ രക്ഷപ്പെടുമെന്ന സൗദി നിയമത്തിലായി കുടുംബത്തിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട ആസിഫിന്റെ ഉമ്മയും സഹോദരങ്ങളും മലപ്പുറത്തുണ്ടാകും. അവരുടെ മുമ്പില്‍ കരഞ്ഞ് അപേക്ഷിക്കണം. സ്വബോധത്തോടെയല്ല ഷഫീഉല്ല ക്രൂരകൃത്യം ചെയ്തതെന്നു പറഞ്ഞ് മാപ്പിരക്കണം.
30ന് രാവിലെ 10.30ഓടെ സഫിയയും സഹോദരങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. കൊല്ലപ്പെട്ട ആസിഫിന്റെ ഉമ്മ ആയിശാബീവി, സഹോദരങ്ങള്‍ ഇബ്രാഹീം, അബ്ദുല്‍ ലത്തീഫ്, അമ്മാവന്‍ സൈദലവി, ഷൗക്കത്തലി, മിസ്‌രിയ എന്നിവര്‍ നേരത്തേ എത്തിയിരുന്നു. അവിടെ കണ്ടത് ഏവരുടെയും കരളലിയിക്കുന്ന കാഴ്ചകള്‍. ആസിഫിന്റെ ഉമ്മയെ കണ്ടതും റസിയ കരഞ്ഞു കാലില്‍ വീണു. ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ആയിശാബീവിയും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ നനഞ്ഞു. ''എന്റെ മകനെ അല്ലാഹു നേരത്തേ വിളിച്ചു. മറ്റൊരു ജീവന്‍ അതിനു പകരമാവില്ലല്ലോ. ഈ പുണ്യമാസത്തില്‍ ഞങ്ങള്‍ മാപ്പു തരുന്നു.'' ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ പൊലിഞ്ഞുപോയ മകനെ ഓര്‍ത്ത് ആ ഉമ്മ വിതുമ്പി.
മാതൃഹൃദയം കാണിച്ച വിശാല മനസ്സിനു മുന്നില്‍ കൂടിനിന്നവരുടെയും കണ്ണു നിറഞ്ഞു. മാപ്പ് എഴുതിയ പേപ്പറില്‍ ഒപ്പു വച്ച് ഉമ്മ കെഎംസിസി ഭാരവാഹികള്‍ക്ക് നല്‍കി. എല്ലാത്തിനും സാക്ഷിയായ പാണക്കാട് സാദിഖലി തങ്ങളോട് നന്ദി പറഞ്ഞ് ഇരു വീട്ടുകാരും ഇറങ്ങി. റസിയയുടെ കൂടെ ബന്ധുക്കളായ അബ്ദുല്‍ ഹസന്‍, അശ്ഫാഖ് ശെയ്ഖ്, ആരിഫ്, ശിഹാബുദ്ദീന്‍ എന്നിവരുമുണ്ടായിരുന്നു.
മാപ്പു നല്‍കി ഒപ്പിട്ട കടലാസ് എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി ഷഫീഉല്ലയെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അല്‍ഹസ കെഎംസിസി ഭാരവാഹികളായ ഇബ്രാഹീം മുഹമ്മദ്, ടി കെ കുഞ്ഞാലസ്സന്‍, മജീദ് കൊടശ്ശേരി, സി എം കുഞ്ഞിപ്പ ഹാജി, സി പി ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it