Pravasi

ആയിരങ്ങളെ നോമ്പു തുറപ്പിച്ച് ഇഫ്താര്‍ ടെന്റുകള്‍



ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ഇഫ്താര്‍ ടെന്റുകളില്‍ നോമ്പു തുറക്കാനെത്തിയത് ആയിരങ്ങള്‍. പ്രധാനമായും സാധാരണക്കാരായ തൊഴിലാളികളാണ് ടെന്റുകളെ ആശ്രയിക്കുന്നത്. ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ്(റാഫ്) ഒരുക്കിയ ടെന്റുകളെ നിരവധി പേര്‍ ആശ്രയിച്ചു. കോഴി അല്ലെങ്കില്‍ ആട് ഉള്‍പ്പെടെയുള്ള ചോറ്, ജ്യൂസുകള്‍, ഈത്തപ്പഴം, ലബന്‍, വെള്ളം എന്നിവയാണ് ഇഫ്താറിന് വിളമ്പിയത്. ടെന്റ് പൂര്‍ണമായും ഒരുങ്ങാത്തതിനാല്‍ 2,500 ഇഫ്താര്‍ കിറ്റുകള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്തതെന്ന് ഏഷ്യന്‍ ടൗണ്‍ ടെന്റിലെ റാഫ് പ്രതിനിധി പെനിന്‍സുലയോട് പറഞ്ഞു. ഇന്നത്തോടെ ടെന്റ് പൂര്‍ണമായും ഒരുങ്ങും. നാല് മണിക്ക് തുറക്കുന്ന ടെന്റില്‍ വിവിധ ഭാഷകളിലുള്ള മതപരമായ പരിപാടികളും ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ടൗണിലെ പ്രവാസികള്‍ നടത്തുന്ന റസ്റ്റൊറന്റുകളും ഇഫ്താറിനും സുഹൂറിനും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ആകര്‍ഷകമായ ഓഫറിലാണ് ബൊഫെ, ഹോം ഡെലിവറി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. റമദാന്‍ മുഴുവന്‍ ഭക്ഷണം കഴിക്കാനുള്ള മന്ത്‌ലി പാക്കേജുമുണ്ട്. ഏഷ്യന്‍ ടൗണില്‍ ഗ്രാന്‍ഡ് മാളിന് പിറക് വശത്തുള്ള ഫുഡ് കോര്‍ട്ടില്‍ ഒരു ഡസനിലേറെ ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാര്‍ക്ക് വേണ്ടി അവരുടേതായ രീതിയിലുള്ള പരമ്പരാഗത വിഭവങ്ങളാണ് ഇവിടെ വിവിധ റസ്റ്റൊറന്റുകള്‍ ഒരുക്കുന്നത്.
Next Story

RELATED STORIES

Share it