kannur local

ആയിക്കര ഉപ്പാലവളപ്പ് തോടിന് ശാപമോക്ഷമാവുന്നു



കണ്ണൂര്‍: ആയിക്കരയിലെ ഉപ്പാലവളപ്പ് തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായി. പി കെ ശ്രീമതി എംപിയുടെ ശ്രമഫലമായി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് ലഭ്യമാക്കിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് തോട്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ചളിയും നീക്കം ചെയ്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പി കെ ശ്രീമതി എംപി, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി തുടങ്ങിയവര്‍ സ്ഥലത്തെത്തി ശുചീകരണം വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തോടിന്റെ മാലിന്യം നിറഞ്ഞ ഭാഗങ്ങളും അവര്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുടെ ഏറെക്കാലത്തെ ദുരിതത്തിനാണ് ഇതോടെ അറുതിയാവുന്നതെന്ന് എംപി പറഞ്ഞു. മാലിന്യങ്ങള്‍ കുന്നുകൂടിയത് കാരണം വേലിയേറ്റ സമയത്ത് കടല്‍വെള്ളം ഉയര്‍ന്ന് പ്രദേശത്തെ താമസകേന്ദ്രങ്ങളിലടക്കം ദുര്‍ഗന്ധം വമിക്കുന്ന മലിനജലം കയറുക പതിവായിരുന്നു. മഴ ശക്തിപ്പെടുന്നതിനു മുമ്പ് ശുചീകരണ പ്രവൃത്തികള്‍ തുടങ്ങാനായത് ആശ്വാസമാണെന്നും അവര്‍ പറഞ്ഞു. തോട്ടില്‍ മാലിന്യം നിറയുന്നത് തടയാന്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണം. പ്രദേശവാസികളുടെ ജാഗ്രത ഇക്കാര്യത്തില്‍ അനിവാര്യമാണ്. ഇതേക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുമായി പ്രദേശവാസികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും പ്രത്യേക യോഗം വിളിക്കുമെന്നും എംപി വ്യക്തമാക്കി. കടലിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗം വരെ 700 മീറ്ററോളമാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. മാലിന്യവും ചളിയും നീക്കുന്നതോടൊപ്പം തോടിന്റെ ഇരുവശങ്ങളും മതില്‍കെട്ടി ശക്തിപ്പെടുത്തും. മാലിന്യങ്ങള്‍ പ്രത്യേക കുഴിയെടുത്ത് സംസ്‌കരിക്കാനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളില്‍ സ്ലാബിടും. കണ്ണൂര്‍ കോര്‍പറേഷനാണ് ശുചീകരണ പ്രവൃത്തിയുടെ ചുമതല. കൗണ്‍സിലര്‍ സി സമീര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it