ആമിര്‍ഖാനെ പിന്തുണച്ച് ഹൈക്കോടതി ജഡ്ജി

മധുര: അസഹിഷ്ണുതാ വിവാദത്തില്‍ ബോളിവുഡ് നടന്‍ ആമിര്‍ഖാനെ പിന്തുണച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി ഹരിപരന്തമന്‍. ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മിലുള്ള സംഭാഷണത്തിന്റെ ഉള്ളടക്കം ജനങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതമൂലം മറ്റൊരു രാജ്യത്തേക്ക് പോവാമെന്ന ഭാര്യയുടെ നിര്‍ദേശത്തില്‍ നടുക്കവും അദ്ഭുതവും പ്രകടിപ്പിക്കുക മാത്രമാണ് ആമിര്‍ ചെയ്തതെന്നും ജഡ്ജി പറഞ്ഞു. സാമൂഹിക അഭിഭാഷകവേദി സംഘടിപ്പിച്ച അസഹിഷ്ണുതയും അഭിപ്രായസ്വാതന്ത്ര്യവും' എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു ജഡ്ജി.
ഭരണാധികാരികള്‍ മതത്തില്‍നിന്ന് അകലംപാലിക്കാതിരിക്കുമ്പോഴാണ് അസഹിഷ്ണുത വളരുന്നത്. ഗോമാംസം കഴിച്ചെന്ന സംശയത്തില്‍ മുസ്‌ലിം മതവിശ്വാസിയെ കൊന്നതടക്കമുള്ള സംഭവങ്ങള്‍ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് തെളിയിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങളെപ്പോലും സമൂഹത്തിന് ആശ്രയിക്കാനാവില്ല. പല വിധികളും മര്‍ദ്ദിതര്‍ക്കെതിരാണ്. അതിനാല്‍ മര്‍ദ്ദിതര്‍ സ്വന്തംനിലയില്‍ അവരുടെ അവകാശങ്ങള്‍ക്കായി പൊരുതണം. കോടതികള്‍ വഴി മാത്രം അവകാശങ്ങള്‍ സംരക്ഷിക്കാനാവില്ലെന്ന് ഹരിപരന്തമന്‍ പറഞ്ഞു. അടിച്ചമര്‍ത്തലിനും അസഹിഷ്ണുതയ്ക്കുമെതിരേ ഉറച്ച നിലപാട് സ്വീകരിക്കാന്‍ സമൂഹത്തിനു മാത്രമേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ 153 കൊല്ലത്തെ ചരിത്രത്തില്‍ ഒമ്പത് പട്ടികജാതി അഭിഭാഷകര്‍ക്ക് മാത്രമാണ് ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it