Flash News

ആഭ്യന്തര വകുപ്പ് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഇസ്‌ലാംമതം സ്വീകരിച്ചവരുടെ കണക്കുകള്‍ മാത്രം പുറത്തുവിട്ട സംസ്ഥാന ആഭ്യന്തര വകുപ്പ് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ സ്പര്‍ധയും വിഭാഗീയതയും സൃഷ്ടിക്കുന്ന വിധത്തില്‍ ഏകപക്ഷീയമായ വിവരങ്ങളാണ് മാധ്യമവാര്‍ത്തകളുടെ രൂപത്തില്‍ പുറത്തുവിട്ടിട്ടുള്ളത്. ഇതിനു പിന്നിലെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ ഇത്തരം നടപടികള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര നീക്കങ്ങളെ ശക്തിപ്പെടുത്താനേ സഹായിക്കുകയുള്ളു. എല്ലാ മതങ്ങളിലേക്കുമുള്ള പരിവര്‍ത്തനം സാധാരണമായ കേരളത്തില്‍, ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെക്കുറിച്ച് മാത്രം അന്വേഷണം നടത്തിയ പോലിസ് നടപടി ദുരൂഹമാണ്. പുതിയ സാഹചര്യത്തില്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരക്കുന്നത് തടയാന്‍ കേരളത്തിലെ മുഴുവന്‍ മതപരിവര്‍ത്തനത്തിന്റെയും വിശദമായ കണക്കുകള്‍ ഉള്‍പ്പെടുത്തി ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വ്യവസ്ഥാപിതമായി മതപരിവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ അഞ്ച് ഹിന്ദുമത സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ക്രിസ്ത്യന്‍ ഇടവകകളില്‍നിന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 2011 മുതല്‍ ഇസ്‌ലാം സ്വീകരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ട പോലിസ്, ഇത്തരം കേന്ദ്രങ്ങളിലൂടെ നടക്കുന്ന മതപരവര്‍ത്തനത്തെക്കുറിച്ച് മൗനം പാലിക്കുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നത് വര്‍ഷങ്ങള്‍ക്കു മുമ്പേ ഹൈക്കോടതി കണ്ടെത്തിയതാണ്. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഇത് മറച്ചുവച്ചാണ് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ അടക്കമുള്ളവരും സംഘപരിവാര കേന്ദ്രങ്ങളും ലൗ ജിഹാദ് ഉണ്ടെന്ന നുണപ്രചാരണം നടത്തിയത്. ഒരുവിഭാഗം മാധ്യമങ്ങളും ഇത് പിന്തുണച്ചു. അതേസമയം, യോഗകേന്ദ്രങ്ങളുടെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും നടക്കുന്ന തായി ഇരകള്‍തന്നെ പരാതി നല്‍കിയിട്ടും കാര്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലിസും തയ്യാറായിട്ടില്ല. സംഘപരിവാര, ഹിന്ദുത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും നാസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it