Flash News

ആഭ്യന്തരവകുപ്പിന്റെ വാര്‍ഷിക റിപോര്‍ട്ടിലെ പടം മാറിയത് അന്വേഷിക്കാന്‍ ഉത്തരവ്‌



ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിച്ചെന്നു കാണിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് ഫോട്ടോ മാറിയത്. ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ കഴിഞ്ഞ വര്‍ഷം നടന്ന പദ്ധതികള്‍ വിശദീകരിക്കുന്ന റിപോര്‍ട്ടില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്ഥാപിച്ച ഫഌഡ്‌ലൈറ്റ് കാണിക്കുന്ന ഫോട്ടോയ്ക്കു പകരം സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയുടെ ഫോട്ടോയാണുണ്ടായത്.ആള്‍ട്ടര്‍നേറ്റീവ് ന്യൂസ് ഡോട്ട് ഇന്‍ എന്ന വാര്‍ത്താ പോര്‍ട്ടലാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. 2,043.76 കിലോമീറ്റര്‍ വരുന്ന പാക് അതിര്‍ത്തിയില്‍ 1,943.76 കിലോമീറ്റര്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിച്ചതായാണ് റിപോര്‍ട്ട്. എന്‍ഡിഎ സര്‍ക്കാര്‍ രാജ്യരക്ഷയ്ക്കു നല്‍കുന്ന പ്രാധാന്യം കാണിച്ചുകൊണ്ട് സ്‌പെയിന്‍-മൊറോക്കോ രാജ്യാതിര്‍ത്തിയുടെ പടം വച്ചുള്ള വാര്‍ത്തയുടെ പ്രചാരം വ്യാപകമായിരുന്നു.ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലാണ് കൂടുതലും ഈ ഫോട്ടോ പ്രചരിച്ചത്. അമളി പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രാലയത്തെ പരിഹസിച്ചുകൊണ്ടുള്ള പ്രചാരണം ട്വിറ്ററില്‍ സജീവമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണത്തില്‍ ഇത്തരം കൃത്രിമം നേരത്തേയും വിവാദമായിരുന്നു. ചെന്നൈയില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന വ്യാജ ചിത്രം സര്‍ക്കാരിന്റെ വാര്‍ത്താവിതരണവിഭാഗം പുറത്തിറക്കിയത് 2015ല്‍ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it