wayanad local

ആഭ്യന്തരമന്ത്രി ജോണിന്റെ വീട്ടിലെത്തി; കുറ്റക്കാര്‍ക്കെതിരേ നടപടി

മാനന്തവാടി: പി വി ജോണിന്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പി വി ജോണിന്റെ പയ്യംപള്ളി പുതിയിടത്ത് വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നു പരാതികള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം നടത്താന്‍ പോലിസിനോടും രഹസ്യാന്വേഷണ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കും.
ഇതിനു ശേഷമേ ആരോപണവിധേയരായവര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തണമോ എന്നു തീരുമാനിക്കൂ. നല്ല രീതിയിലുള്ള അേന്വഷണമാണ് നടക്കുന്നത്. കെപിസിസി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ലഭിച്ചാലുടന്‍ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കും. ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ജോണിന്റെ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരം ഗൗരവമായാണ് കാണുന്നത്. കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്ന കാലം മുല്‍ ജോണിനെ വ്യക്തിപരമായി തനിക്കറിയാം. അതിനാല്‍ ജോണിന്റെ മരണം വ്യക്തിപരമായും തനിക്കേറെ ദുഃഖമുളവാക്കിയിട്ടുണ്ടന്നു ചെന്നിത്തല പറഞ്ഞു.
ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചും ജോണിന്റെ ആത്മഹത്യയെക്കുറിച്ചും പരാതികള്‍ നല്‍കുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മന്ത്രിക്കൊപ്പമണ്ടായിരുന്നു.
Next Story

RELATED STORIES

Share it