ആഭ്യന്തരമന്ത്രിക്കെതിരേ കേസെടുക്കാന്‍ സുധീരന്‍ ആവശ്യപ്പെടുമോയെന്ന്

പറവൂര്‍: സമത്വമുന്നേറ്റയാത്രയില്‍ ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്തിലുമുള്ളതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വള്ളുവള്ളി 1060 നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ കുടുംബ സംഗമവും ഓഡിറ്റോറിയം നിര്‍മാണോദ്ഘാടനവും ധനവര്‍ധിക നിധി ലിമിറ്റഡ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിലെ ന്യൂനപക്ഷ മേല്‍ക്കൈ ഹിന്ദുക്കളെ അകറ്റിയെന്നും ഈഴവ, നായര്‍ സമുദായം ബിജെപിയിലേക്ക് അടുക്കുന്നതായുമാണ് ആഭ്യന്തരമന്ത്രി കത്തില്‍ പ്രധാനമായി സൂചിപ്പിക്കുന്നത്.
ഈ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി പ്രസംഗിച്ചപ്പോഴാണ് തനിക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. തന്റെ പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിച്ചെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ കത്തും ഇത് സൃഷ്ടിച്ചിട്ടുണ്ട്.
തനിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരേ കേസെടുക്കാന്‍ ആവശ്യപ്പെടുമോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
പ്രധാമന്ത്രി പിന്നാക്കക്കാരനായതിനാലാണോ കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമയ്ക്കു സമീപം കെഎസ്‌യുക്കാരും യൂത്ത് കോണ്‍ഗ്രസ്സുകാരും ചാണകവെള്ളം തളിച്ചത്. ഭരണത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സവര്‍ണ മനോഭാവമാണ് ഇതിലൂടെ വ്യക്തമാവുന്നത്. സമുദായത്തിലെ രണ്ടു കുലംകുത്തികളാണ് വി എം സുധീരനും വി എസ് അച്യുതാനന്ദനും.
സുധീരന്‍ കഴിഞ്ഞ 16 കൊല്ലമായി എന്നെ വേട്ടയാടുകയാണ്. എന്തിനും ഏതിനും എന്നെയൊന്ന് തെറിപറയാതെ കിടന്നാല്‍ ഉറക്കംവരില്ലെന്ന സ്ഥിതിയാണ് സുധിരന്റേതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it