ആഭരണങ്ങളുടെ എക്‌സൈസ് തീരുവ 12 കോടിയിലേറെ വിറ്റുവരവുള്ള ആഭരണ വ്യാപാരികള്‍ക്കു മാത്രം

ന്യൂഡല്‍ഹി: വെള്ളിയൊഴികെയുള്ള ആഭരണങ്ങള്‍ക്ക് ചുമത്തിയ ഒരു ശതമാനം എക്‌സൈസ് തീരുവ 12 കോടിയിലധികം വിറ്റുവരവുള്ള വ്യാപാരികള്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂവെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് മൂന്നുദിവസമായി ആഭരണ വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
സമരം ഏഴുവരെ വ്യാപാരികള്‍ നീട്ടിയിട്ടുണ്ട്. ആഭരണ ഉല്‍പാദന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് കേന്ദ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം ആറു കോടിവരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ തീരുവയില്‍ നിന്ന് ഒഴിവാക്കി. ഇതു നേരത്തെ ഒന്നരക്കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 12 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ളവര്‍ മാത്രമേ ഒരു ശതമാനം എക്‌സൈസ് തീരുവ നല്‍കേണ്ടതുള്ളൂ.
12 കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് 6 കോടി വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ 50 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെയും തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സമരം ചെയ്യുന്ന വ്യാപാരികള്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജെയ്റ്റ്‌ലിക്കും നിവേദനം നല്‍കി.
മന്ത്രി പ്രശ്‌നം ക്ഷമയോടെ കേള്‍ക്കുകയും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി അഖിലേന്ത്യാ രത്‌നാഭരണ വ്യാപാര ഫെഡറേഷന്‍ ചെയര്‍മാന്‍ ജി വി ശ്രീധര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it