ആഫ്രിക്കന്‍ വിദ്യാര്‍ഥികളുമായി കേന്ദ്രം ചര്‍ച്ച നടത്തി; ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കെതിരേ വംശീയാക്രമണം ശക്തമായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ ആഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയിലെ ആഫ്രിക്കന്‍ പൗരന്‍മാര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശകാര്യ സെക്രട്ടറിയുടെ കൂടിക്കാഴ്ച.
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്ന തരത്തിലാണ് രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ ആക്രമണമുണ്ടായത്. ഇക്കഴിഞ്ഞ 20ന് ഡല്‍ഹിയില്‍ കോംഗോ പൗരനായ എം കെ ഒലിവിയര്‍ എന്ന 29കാരനെ ഒരുസംഘം അടിച്ചുകൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തി. അതോടൊപ്പം ഡല്‍ഹിയില്‍ നടന്ന ആഫ്രിക്കന്‍ദിനാചരണാഘോഷം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തുടര്‍ച്ചയായി ആഫ്രിക്കന്‍ പൗരന്‍മാര്‍ ആക്രമിക്കപ്പെട്ടു. ഒലിവിയറിന്റെ മൃതദേഹം കൊണ്ടുപോവാനായി ഡല്‍ഹിയിലെത്തിയ ബന്ധുക്കളെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒലിവിയറിന് ഇന്ത്യയില്‍ പഠിക്കാന്‍ വരാനുള്ള ചെലവുകള്‍ക്കായി സ്വത്തുക്കള്‍ മൊത്തം വില്‍ക്കേണ്ടിവന്ന കുടുംബം മൃതദേഹം നാട്ടിലെത്തിക്കാന്‍ കടം വാങ്ങേണ്ട സാഹചര്യത്തിലായിരുന്നു.
ഇന്നലെ ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി ആഫ്രിക്കന്‍ പൗരന്‍മാര്‍ പങ്കെടുത്തു. തലസ്ഥാനത്ത് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it