ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ 1000 കോടി ഡോളര്‍ വായ്പ നല്‍കും

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 1000 കോടി അമേരിക്കന്‍ ഡോളര്‍ വായ്പയും 60 കോടി ഡോളര്‍ ധനസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമത് ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോകത്തെ മൂന്നിലൊന്ന് മാനവികതയുടെ ഒറ്റമേല്‍ക്കൂരയ്ക്കു കീഴിലുള്ള സ്വപ്‌നസംഗമമായാണ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്. നയപരിപാടിക്കും സാമ്പത്തിക ലാഭത്തിനും അപ്പുറത്ത് 125 കോടി ഇന്ത്യക്കാരുടെയും 125 കോടി ആഫ്രിക്കന്‍ ജനതയുടെയും ഹൃദയസ്പന്ദനത്തിന്റെ താളമാണ് ഉച്ചകോടിയില്‍ പ്രതിഫലിക്കുന്നത്. ഭീകരവിരുദ്ധ നടപടികള്‍, കാലാവസ്ഥാ വ്യതിയാനം, ഐക്യരാഷ്ട്രസഭയുടെ ഘടനാപരിഷ്‌കാരം എന്നീ പ്രധാന വിഷയങ്ങളില്‍ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും ഒന്നിച്ചു നീങ്ങണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദ പറഞ്ഞു.
60 കോടി ഡോളര്‍ ധനസഹായത്തില്‍ ഇന്ത്യ-ആഫ്രിക്ക വികസന നിധിക്കുള്ള 10 കോടിയും ഇന്ത്യ-ആഫ്രിക്ക ആരോഗ്യനിധിക്കുള്ള ഒരു കോടിയും ഉള്‍പ്പെടും. അടുത്ത അഞ്ചു വര്‍ഷത്തില്‍ വിതരണം ചെയ്യുന്ന സ്‌കോളര്‍ഷിപ്പും ഇതിലടങ്ങിയിട്ടുണ്ട്. 2008ല്‍ നടന്ന ഉച്ചകോടിക്കു ശേഷം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 740 കോടി ഡോളര്‍ വായ്പയും 120 കോടി ഡോളര്‍ ധനസഹായവുമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ഉച്ചകോടിയില്‍ 54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 41 തലവന്മാരും നൂറുകണക്കിന് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it