World

ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ പുനരധിവാസ പദ്ധതി ഇസ്രായേല്‍ പിന്‍വലിച്ചു

തെല്‍ അവീവ്: ഇസ്രായേലിലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. ഇസ്രായേലിലെ ആഫ്രിക്കന്‍ കുടിയേറ്റക്കാരെ ജര്‍മനി, ഇറ്റലി, കാനഡ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കു ശേഷം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും നെതന്യാഹു അറിയിക്കുകയായിരുന്നു.
ഇസ്രായേല്‍ നെസറ്റിലെ അംഗങ്ങളില്‍ ചിലര്‍ എതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു നടപടി. എംപിമാരും മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാവുമെന്നു നെതന്യാഹു പറഞ്ഞു. ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിനു പകരമായാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ഇസ്രായേലിലെ ആഫ്രിക്കന്‍ കുടിയേറ്റക്കാരില്‍ പകുതി (16259ഓളം) പേരെയാണ് യുഎന്നുമായി സഹകരിച്ച് വടക്കന്‍ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുന്നത്.
ഇസ്രായേലി നീക്കങ്ങളില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.  പുനരധിവാസ പദ്ധതി എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ടുവരുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായി അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it