thrissur local

ആഫ്രിക്കന്‍ ഒച്ച് ഭീഷണി : പ്രതിരോധ പ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധം



തൃശൂര്‍: പൂങ്കുന്നത്തെ ആഫ്രിക്കന്‍ ഒച്ച് പ്രശ്‌നത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം. ഒച്ച് ശല്യം പ്രദേശത്തെ റെയില്‍വേ സ്‌റ്റേഷന്റേയും ഇതര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ഈമാസം 18നാണ് തൃശൂര്‍ പൂങ്കുന്നത്ത് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മേയര്‍ അജിത ജയരാജനടക്കമുള്ള കൗണ്‍സിലര്‍മാരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുമെല്ലാം സ്ഥലം സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ കോര്‍പ്പറേഷന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് അഡ്വ.എം കെ മുകുന്ദന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. എന്നാല്‍ മരുന്നു തളിക്കലല്ലാതെ ഇവയെ ഉന്‍മൂലനം ചെയ്യാനോ പ്രതിരോധിക്കാനോ കൃത്യമായ ഒരു പ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഇത്തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതായതോടെ ഒച്ചുകളും പെരുകാന്‍ തുടങ്ങി. വീടുകളിലും ഫഌറ്റിലും സ്ഥാപനങ്ങളിലുമെല്ലാമായി വ്യാപിച്ച ഇവയിപ്പോള്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷന്റെയും പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങി. പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു പത്ത് ദിവസം പിന്നിടുമ്പോള്‍ ഒച്ചുകളുടെ വ്യാപനവും ഇതുമൂലമുണ്ടാകുന്ന രൂക്ഷ ഗന്ധവും ജനജീവിതത്തിനൊപ്പം തൊഴിലിടങ്ങളിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രദേശമാകെ കാണപ്പെടുന്ന ജീവനുള്ളതും ചത്തതുമായ ഒച്ചുകള്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്ത് നൂറു തൊഴിലാളി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാ ശുചീകരണ പരിപാടികള്‍ക്കു കോര്‍പ്പറേഷന് രൂപം നല്‍കിയിട്ടുണ്ട്. കേവലമൊരു പ്രതിരോധ പ്രവര്‍ത്തനത്തിലൊതുക്കാതെ ശക്തമായ ഉന്മൂലന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും നാളുകളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ച് പ്രശ്‌നം രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് പരിസരവാസികള്‍ നല്‍കുന്നത്.
Next Story

RELATED STORIES

Share it