ആഫ്രിക്കക്കാര്‍ക്കെതിരേ വീണ്ടും ഡല്‍ഹിയില്‍ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ വീണ്ടും ആക്രമണം. വ്യാഴാഴ്ച രാത്രിയുണ്ടായ നാലു അക്രമ സംഭവങ്ങളില്‍ ആറ് ആഫ്രിക്കന്‍ വംശജര്‍ക്കു പരിക്കേറ്റു. തുടര്‍ന്ന് ഡല്‍ഹിയില്‍ ആഫ്രിക്കക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് നിര്‍ദേശം നല്‍കി. ദിവസങ്ങള്‍ക്കു മുമ്പ് കോംഗോ സ്വദേശി 29കാരന്‍ മസോണ്ട കേതാഡ ഒലീവിയര്‍ കൊല്ലപ്പെട്ടിരുന്നു. ഓട്ടോ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഒലിവിയറിനെ മുന്നംഗ സംഘം മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. നൈജീരിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. ഇതില്‍ രണ്ടു പേര്‍ സ്ത്രീകളും ഒരാള്‍ പാതിരിയുമാണ്. അഞ്ചു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താമസസ്ഥലത്ത് ഉറക്കെ പാട്ടുവച്ചത്, രാത്രി വൈകിയുള്ള മദ്യസല്‍ക്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമങ്ങളില്‍ കലാശിച്ചത്. സംഭവത്തിന് ആസൂത്രിത സ്വഭാവമില്ലെന്ന് പോലിസ് വ്യക്തമാക്കി. 300ലധികം ആഫ്രിക്കക്കാര്‍ താമസിക്കുന്ന മെഹ്്‌റോളിയിലാണ് കുടുതല്‍ അക്രമങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ആഫ്രിക്കന്‍ വംശജരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്കായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിദേശകാര്യ സഹമന്ത്രി വി കെ സിങിനെ ചുമതലപ്പെടുത്തിയിരുന്നു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ വ്യക്തമാക്കി. അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിരുന്നില്ലെങ്കിലും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രാജ്‌നാഥ് സിങും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങും ഉറപ്പ് നല്‍കിയതായി സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്നിടത്ത് ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചതായും സുഷമ പറഞ്ഞു. സംഭവത്തിന് വംശീയ സ്വഭാവമില്ലെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും അക്രമികളില്‍ നിന്ന് വംശീയ ആക്ഷേപം നേരിടേണ്ടി വന്നതായി പരിക്കേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it