ആപ്പിള്‍ ഉദ്യോഗസ്ഥന്റെ വധം പ്രതികള്‍ക്കു വേണ്ടി പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസിലെ പോലിസുകാരായ പ്രതികള്‍ക്ക് അനുകൂലമായി സാമൂഹിക മാധ്യമത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രശാന്ത് ചൗധരി, സന്ദീപ് കുമാര്‍ എന്നീ പോലിസുകാര്‍ അറസ്റ്റിലായിരുന്നു. ഇവരുടെ സഹപ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ടവരാണ് സാമൂഹിക മാധ്യമത്തില്‍ പ്രചാരണം നടത്തിയത്. പ്രതികള്‍ക്കു വേണ്ടി സംഭാവന നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. ഹസ്രത്ഗഞ്ച് പോലിസാണ് സാമൂഹിക മാധ്യമത്തിലെ പ്രചാരകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
കുറ്റക്കാര്‍ക്ക് പരമാവധി ആറു മാസം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സര്‍വീസില്‍ നിന്നു പുറത്താക്കപ്പെട്ട ചില പോലിസുകാരാണ് സാമൂഹിക മാധ്യമത്തിലെ പ്രചാരണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സര്‍വേഷ് ചൗധരി എന്ന പോലിസുകാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ആപ്പിള്‍ എക്‌സിക്യൂട്ടീവായ വിവേക് തിവാരി കഴിഞ്ഞ മാസം 29നാണ് പോലിസുകാരുടെ വെടിയേറ്റു മരിച്ചത്.

Next Story

RELATED STORIES

Share it