ആപ്പിളിന്റെ സഹായമില്ലാതെ ഐഫോണ്‍ തുറക്കാനാവുമെന്ന് എഫ്ബിഐ

വാഷിങ്ടണ്‍: ആപ്പിളിന്റെ സഹായമില്ലാതെ സാന്‍ ബെര്‍നാര്‍ഡിനോയിലെ ആക്രമിയുടെ ഐഫോണ്‍ തുറക്കാനുള്ള സംവിധാനം കണ്ടെത്താനിടയുണ്ടെന്ന് എഫ്ബിഐ. ഇതിനെത്തുടര്‍ന്ന്, ഐഫോണ്‍ തുറക്കാന്‍ ആപ്പിള്‍ സഹായം തേടിയുള്ള യുഎസ് നീതിന്യായ വിഭാഗ(ഡിഒജി)ത്തിന്റെ ആവശ്യത്തിന്‍മേലുള്ള കേസിലെ വാദം കേള്‍ക്കല്‍ മാറ്റി. തോക്കുധാരി റിസ്‌വാന്‍ ഫാറൂഖിന്റെ ഐഫോണ്‍ തുറക്കുന്നതിനു സഹായിക്കാന്‍ ഡിഒജി ആപ്പിളിനോട് ഉത്തരവിട്ടിരുന്നു. ഇതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി ആപ്പിള്‍ ആവശ്യം തള്ളുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.
ഡിസംബര്‍ രണ്ടിനാണ് കാലഫോര്‍ണിയയില്‍ 14 പേരെ യുഎസ് പൗരത്വമുള്ള റിസ്‌വാന്‍ ഫാറൂഖും പാകിസ്താന്‍ സ്വദേശിയായ ഭാര്യ തഷ്ഫീന്‍ മാലിക്കും വെടിവച്ചു കൊലപ്പെടുത്തിയത്. പോലിസുമായുള്ള ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടു. കേസില്‍ രണ്ടുമാസമായിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. റിസ്‌വാന്റെ ഐഫോണ്‍ 5സി തുറക്കാനായാല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എഫ്ബിഐ. എന്നാല്‍ പാസ്‌കോഡ് കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല നിശ്ചിത എണ്ണം പാസ്‌വേഡ് തകര്‍ക്കല്‍ ശ്രമം നടത്തിയാല്‍ വിവരങ്ങളെല്ലാം മാഞ്ഞുപോവുന്ന വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള ഫോണാണിത്.
ഈ ഘട്ടത്തില്‍ എഫ്ബിഐക്ക് എത്ര വേണമെങ്കിലും പാസ്‌കോഡ് കോംബിനേഷനുകള്‍ പ്രയോഗിക്കാനുള്ള സംവിധാനം ഒരുക്കണമെന്നായിരുന്നു ആപ്പിളിനോടുള്ള ആവശ്യം. എഫ്ബിഐയുടെ അഭ്യര്‍ഥന പരിഗണിച്ച് യുഎസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊബൈലിലെ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ജീവമാക്കാനുള്ള സഹായം നല്‍കണമെന്ന് ആപ്പിളിനോട് ആവശ്യപ്പെട്ടത്. അതിനു വേണ്ടിവരുന്ന ചെലവ് എത്രയാവുമെന്ന് അറിയിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
ദമ്പതികളില്‍ നിന്നു പിടിച്ചെടുത്ത ഐഫോണില്‍ മാത്രം ഉപയോഗിക്കാനാവുന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അക്കാര്യം അസാധ്യമാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it