ആന എഴുന്നള്ളിപ്പ് : നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വനം മന്ത്രി

തിരുവനന്തപുരം: ഉല്‍സവകാലത്തെ ആന എഴുന്നള്ളിപ്പിന് നിയന്ത്രണം കൊണ്ടുവരുമെന്ന് വനംമന്ത്രി കെ രാജു. നിയന്ത്രണങ്ങള്‍ എന്തെല്ലാം കാര്യങ്ങളിലാവണമെന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെടിക്കെട്ട് നിയന്ത്രണംപോലെ തന്നെ ഗൗരവതരമായ ഒന്നാണ് ആന എഴുന്നള്ളത്തും. ഇതില്‍ നിയന്ത്രണം അനിവാര്യമാണെന്നും സമയബന്ധിതമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നാട്ടാനകളെ കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഇല്ലാത്ത ഉടമകള്‍ക്കെതിരേ നടപടിയെടുക്കും. വനം കൈയേറ്റം തടയാന്‍ അടിയന്തരമായി നടപടിയെടുക്കും. ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള വ്യക്തിഗത അവകാശങ്ങ ള്‍ നല്‍കുന്നത് കൂടുതല്‍ വേഗത്തിലാക്കും. ഇതിന് പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗചികില്‍സ കര്‍ഷകരുടെ കൈയെത്തും ദൂരത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം മൃഗചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങള്‍ രോഗബാധിതമാണോ എന്ന പരിശോധന കര്‍ശനമാക്കും. ഇതിനായി 18 ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പരിമിതമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്‌പോസ്റ്റുകള്‍ ആധുനികവ ല്‍ക്കരിക്കാന്‍ വേഗത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പാലോട് ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആന്റീ റാബിസ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനള്ള സംവിധാനമൊരുക്കും. കാലിത്തീറ്റ വര്‍ധനവ് മറികടയ്ക്കാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്‌സിഡി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it