World

ആന്‍ഗല മെര്‍ക്കല്‍ നാലാമതും ജര്‍മന്‍ ചാന്‍സലര്‍

ബെര്‍ലിന്‍: കൂട്ടുകക്ഷി മന്ത്രിസഭാ രൂപീകരണത്തിനുള്ള ആറുമാസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആന്‍ഗല മെര്‍ക്കല്‍ നാലാംതവണയും ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ജര്‍മനിയില്‍ ഒരാള്‍ തുടര്‍ച്ചയായി നാലാം തവണയും ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഇന്നലെയാണ് പാര്‍ലമെന്റ് മെര്‍ക്കലിനെ വീണ്ടും ചാന്‍സലറായി തിരഞ്ഞെടുത്തത്. 315നെതിരേ 364 വോട്ടുകള്‍ നേടിയ മെര്‍ക്കല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പത് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഹാജരായിരുന്നില്ല. താന്‍ വോട്ടുകള്‍ സ്വീകരിച്ചതായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് അവര്‍ പാര്‍ലമെന്റംഗങ്ങളെ അറിയിച്ചു. 16 അംഗ മന്ത്രിസഭയില്‍ മൂന്നു പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്്.
ആന്‍ഗല മെര്‍ക്കലിന്റെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും മധ്യ-ഇടതു പക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത്്.
2005 മുതല്‍ ജര്‍മന്‍ ചാന്‍സലറായിരുന്ന മെര്‍ക്കല്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം ഉറപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിയിലായ യൂറോപ്യന്‍ യൂനിയനെ ശക്തമായി മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. മെര്‍ക്കല്‍ വീണ്ടും തിരഞ്ഞടുക്കപ്പെട്ടതിനെ പ്രതീക്ഷയോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നത്്. യൂറോപ്യന്‍ യൂനിയന്‍ പരിഷ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി മെര്‍ക്കല്‍ വെള്ളിയാഴ്ച പാരിസിലേക്ക് തിരിക്കും. കഴിഞ്ഞ സപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും തനിച്ച് ഭൂരിപക്ഷം നേടിയിരുന്നില്ല. എസ്പിഡി പിന്തുണയ്ക്കാന്‍ തയ്യാറാവാത്തതു കാരണം സര്‍ക്കാര്‍  രൂപീകരണം വൈകുകയായിരുന്നു.
Next Story

RELATED STORIES

Share it