kozhikode local

ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് സജീവം

കോഴിക്കോട്: ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലും നീക്കംചെയ്യപ്പെടാതെ കിടന്ന 500ലേറെ ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ എടുത്തുമാറ്റി. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, കുന്നമംഗലം, തിരുവമ്പാടി, കൊയിലാണ്ടി, വടകര, നാദാപുരം, ബേപ്പൂര്‍, പേരാമ്പ്ര, കുറ്റിയാടി തുടങ്ങിയ മണ്ഡലങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് നീക്കം ചെയ്തത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ യാത്രകളുമായി ബന്ധപ്പെട്ട ബോര്‍ഡുകളാണ് ഇവയിലേറെയും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനമായതിനാല്‍ സ്‌ക്വാഡ് എടുത്തുമാറ്റിയ പ്രചാരണ സാമഗ്രികളുടെ ചെലവും അവ നീക്കംചെയ്യുന്നതിനുള്ള ചെലവും അതത് പാര്‍ട്ടികളുടെ ഇവിടങ്ങളില്‍ മല്‍സരിക്കാനിരിക്കുന്ന സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് സര്‍വീസ് സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകളും ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസുകളിലും പരിസരങ്ങളിലുമുള്ള ബോര്‍ഡുകളും മറ്റും കഴിഞ്ഞ ഞായറാഴ്ചയോടെ നീക്കംചെയ്യാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സര്‍വീസ് സംഘടനകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it