Second edit

ആന്റിബയോട്ടിക്കുകള്‍

ആന്റിബയോട്ടിക് മരുന്നുകളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നട്ടെല്ല്. ജലദോഷ ചികില്‍സ മുതല്‍ കാന്‍സറിനും ശസ്ത്രക്രിയകള്‍ക്കുശേഷം മുറിവുണങ്ങാനും ഒക്കെ വേണം ഈയിനം മരുന്നുകള്‍.
എന്നാല്‍, ആന്റിബയോട്ടിക്കുകളുടെ യുഗം അവസാനിക്കുകയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അവ ഫലപ്രദമല്ലാതാവുകയാണ്. രോഗവാഹികളായ ബാക്റ്റീരിയകള്‍ ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി നേടിവരുന്നത് പുതിയ കാര്യമല്ല. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗവും ദുരുപയോഗവും അതിന് കളമൊരുക്കുകയുണ്ടായി.
മറ്റൊന്നും ഫലിച്ചില്ലെങ്കില്‍ അവസാന കൈയായി ഡോക്ടര്‍മാര്‍ ഉപയോഗപ്പെടുത്തുന്നത് കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക്കാണ്. പക്ഷേ, ചൈനയില്‍ ആ മരുന്നിനോടും പ്രതികരിക്കാത്ത രോഗികളെയും കന്നുകാലികളെയും കണ്ടെത്തിയതായി ഗവേഷണ പ്രസിദ്ധീകരണമായ ലാന്‍സറ്റില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. കന്നുകാലികളിലും പന്നികളിലും വ്യാപകമായി ഈ മരുന്ന് ഉപയോഗിച്ചതാണു കാരണം. ഇത്തരം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിച്ചതു വഴിയാണ് മനുഷ്യരിലും മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കള്‍ കടന്നുകൂടിയത്.
ഈ ഭീഷണി വൈകാതെ ചൈനയ്ക്ക് പുറത്തേക്കു പ്രസരിക്കുമെന്നു തീര്‍ച്ച. ഇതിനകം തന്നെ മലേസ്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ ഇത്തരം ബാക്റ്റീരിയ എത്തിയതായി സൂചനയുണ്ട്. ആധുനിക ചികില്‍സാവിധികളെ അസാധ്യമാക്കുന്ന പ്രതിസന്ധിയാണ് ഉരുണ്ടുകൂടുന്നതെന്ന് ലാന്‍സറ്റ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it