ആന്റണി, വീരേന്ദ്രകുമാര്‍, സോമപ്രസാദ് എതിരില്ലാതെ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നുള്ള മൂന്നു സ്ഥാനാര്‍ഥികളും എതിരില്ലാതെ വിജയിച്ചു. കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി, ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍, സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗവും പട്ടികജാതിക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ കെ സോമപ്രസാദ് എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്.
എംഎല്‍എമാരുടെ കണക്കില്‍ വിജയം ഉറപ്പുള്ള രണ്ടു സീറ്റിലേക്ക് യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും നല്‍കിയ പത്രികകള്‍ സാധുവായി പ്രഖ്യാപിച്ചിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ വൈകീട്ട് മൂന്നിന് അവസാനിച്ചതിനു പിന്നാലെ മല്‍സരം ആവശ്യമില്ലാത്തതിനാല്‍ മൂവരും തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ നിയമസഭാ സെക്രട്ടറി പി ഡി ശാരങ്ധരന്‍ പ്രഖ്യാപിച്ചു. ഫലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് മൂവര്‍ക്കും നല്‍കും. എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവരുടെ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍നിന്നുള്ള ഒമ്പത് രാജ്യസഭാ ഒഴിവുകളില്‍ യുഡിഎഫിന് ആറും എല്‍ഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിനും സിപിഎമ്മിനും മൂന്നുവീതം എംപിമാരും മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്-എം, ജെഡിയു എന്നീ യുഡിഎഫ് കക്ഷികള്‍ക്ക് ഒന്നു വീതവുമാണ് പ്രാതിനിധ്യം. ഇത് അഞ്ചാം തവണയാണ് ആന്റണി രാജ്യസഭാ അംഗമാവുന്നത്. എംപി വീരേന്ദ്രകുമാറും കെ സോമപ്രസാദും രാജ്യസഭയില്‍ ഇതാദ്യമാണ്. വീരേന്ദ്രകുമാര്‍ 11ാം ലോക്‌സഭയിലും 14ാം ലോക്‌സഭയിലും അംഗവും കേന്ദ്രമന്ത്രിയും ആയിരുന്നു. 2005ല്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ സോമപ്രസാദ് 2007 മുതല്‍ 2010 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
Next Story

RELATED STORIES

Share it