ആന്റണിയുടെ പ്രതികരണം സ്ഥാനത്തിന് യോജിച്ചതല്ല: കോടിയേരി

തിരുവനന്തപുരം: മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ട പാര്‍ട്ടിയാണ് സിപിഎം എന്നുള്ള എ കെ ആന്റണിയുടെ പ്രതികരണം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആന്റണി ഇത്രയേറെ തരംതാഴുമെന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികള്‍ക്കു പോലും വിശ്വസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഈ പ്രതികരണം ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയോടെയായിരുന്നു 2004ല്‍ എ കെ ആന്റണി കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായത് എന്ന കാര്യം മറന്നുപോവരുത്. 1981ല്‍ എല്‍ഡിഎഫ് വിട്ട് പുറത്തുപോവുമ്പോള്‍ നൂറു കൊല്ലക്കാലത്തേക്ക് ഒരു മാര്‍ക്‌സിസ്റ്റുകാരനും കേരളത്തില്‍ മുഖ്യമന്ത്രിയാവില്ലെന്നു പ്രസ്താവിച്ചിരുന്നു. 1987ല്‍ സിപിഎം നേതാവ് ഇ കെ നായനാരെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചുകൊണ്ടായിരുന്നു ആന്റണിക്ക് കേരളജനത മറുപടി നല്‍കിയത്. ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് സ്ഥാനം പോലും ഇല്ലാത്ത രീതിയില്‍ ജനപിന്തുണ നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനെയാണ് മ്യൂസിയത്തില്‍ സ്ഥാപിക്കേണ്ടതെന്ന് ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞുവെന്നത് ആന്റണി ഓര്‍ക്കണം.
മാസങ്ങള്‍ക്കുമുമ്പ് ഇതേ ആന്റണിയാണ് കേരളത്തില്‍ എന്ത് നടക്കണമെങ്കിലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണെന്ന് പറഞ്ഞത്. 30 ശതമാനം വീടുകള്‍ ബാറുകളായി മാറി എന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന് എല്‍ഡിഎഫ് കാലത്തെ പോലെ സഹകരണം ലഭിക്കുന്നില്ലെന്നും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച ആളാണ് ആന്റണി. സ്വന്തം ഗ്രൂപ്പുകാരനായ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എല്ലാം മറന്ന് രംഗത്തിറങ്ങി അദ്ദേഹം ഇപ്പോള്‍ സ്വയം പരിഹാസ്യനായി.
അഴിമതിയുടെ കണികപോലും ഉണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ലെന്ന രാഹുല്‍ഗാന്ധി എടുത്ത നിലപാടാണ് കോണ്‍ഗ്രസ്സിന്റേതെങ്കില്‍ ഒരു നിമിഷംപോലും വൈകാതെ മുഖ്യമന്ത്രിയെ മാറ്റാനുള്ള ആര്‍ജവം കാണിക്കണമെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it