Editorial

ആന്റണിയുടെ നിലപാട് സ്വാഗതാര്‍ഹം

കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും തങ്ങളുടെ അക്കൗണ്ട് തുറക്കുന്നതു തടയുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ എ കെ ആന്റണി പ്രഖ്യാപിച്ചിരിക്കുന്നു. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതു വഴി വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ നേട്ടമുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം കേരളീയസമൂഹത്തോട് അഭ്യര്‍ഥിക്കുന്നു.
വളരെ പ്രസക്തവും സമയോചിതവുമായ ഒരു സന്ദേശമാണ് എ കെ ആന്റണി കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കുന്നത്. വര്‍ഗീയതയുടെയും ന്യൂനപക്ഷവിരുദ്ധ വ്യാജപ്രചാരണങ്ങളുടെയും അടിസ്ഥാനത്തില്‍ നേട്ടംകൊയ്യാനാണ് മുന്‍കാലങ്ങളിലെപ്പോലെ ഇത്തവണയും ബിജെപി ശ്രമിക്കുന്നത്. ഇത്തവണ പരസ്യമായ വര്‍ഗീയ പ്രചാരവേല അവര്‍ ഇതുവരെ രംഗത്തിറക്കിയിട്ടില്ലെങ്കിലും നരേന്ദ്രമോദി മുതല്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല വരെയുള്ളവര്‍ പ്രചാരണവേദിയില്‍ നിറഞ്ഞുനില്‍ക്കുന്നതോടെ ന്യൂനപക്ഷങ്ങളുടെ നേരെയുള്ള കടന്നാക്രമണം അധികം വൈകാതെ അതിന്റെ മൂര്‍ത്തരൂപത്തില്‍ പുറത്തുവരുമെന്നു തീര്‍ച്ചയാണ്. പ്രചാരണപ്രവര്‍ത്തനത്തിന്റെ കലാശക്കൊട്ടിന്റെ വേളയില്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കി കടുത്ത വര്‍ഗീയ പ്രചാരവേലയാണ് അവര്‍ അഴിച്ചുവിടാനുദ്ദേശിക്കുന്നത്.
ഇടതുപക്ഷം ഈ അവസ്ഥയുടെ ഗൗരവം വേണ്ടവിധം മനസ്സിലാക്കുന്നതായി തോന്നുന്നില്ല. ന്യൂനപക്ഷ, മതേതര വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള സ്ഥിരം തന്ത്രമായ യുഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തെ സംബന്ധിച്ച കഥകള്‍ തന്നെയാണ് അവര്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ബിജെപിയുമായി രഹസ്യബാന്ധവത്തിലാണെന്നും പരസ്പരം സഹായിക്കാനായി വോട്ട് മറിക്കാനാണ് രണ്ടുകൂട്ടരുടെയും പദ്ധതിയെന്നുമാണ് ഇടതുപക്ഷം ആരോപിക്കുന്നത്.
1991ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള ചില നീക്കുപോക്കുകള്‍ വടകര, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ഈ കക്ഷികള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നതു നേരാണ്. പക്ഷേ, രണ്ടു മണ്ഡലങ്ങളിലും ആ പരീക്ഷണം പൂര്‍ണ പരാജയമായിരുന്നു. പരാജയപ്പെട്ട ഒരു രാഷ്ട്രീയ പരീക്ഷണം തന്നെയാണ് ഇരുകൂട്ടരും പരീക്ഷിക്കുന്നത് എന്ന് കഴിഞ്ഞ 25 വര്‍ഷമായി ഇടതുപക്ഷം പറയുന്നു. നിലവിലുള്ള സാഹചര്യങ്ങളില്‍ അത്തരം പ്രചാരവേലയുടെ വിശ്വാസ്യത തുലോം പരിമിതമാണെന്ന് ഇടതുപക്ഷം മനസ്സിലാക്കുന്നില്ല.
ഈ സാഹചര്യത്തില്‍ തങ്ങളുടെ സംഘപരിവാര വിരുദ്ധ രാഷ്ട്രീയ നിലപാട് തുറന്നുപറയാന്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രമുഖനായ നേതാവ് തന്നെ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ഇന്ന് ദേശീയതലത്തില്‍ പരിവാരസംഘത്തിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയത്രെ. പാര്‍ലമെന്റില്‍ സോണിയഗാന്ധിയെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാന്‍ അവര്‍ നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നിലെ വസ്തുതയും ഇതുതന്നെ. ഇടതുപക്ഷം നിലവിലുള്ള ദേശീയ രാഷ്ട്രീയ പരിതസ്ഥിതികള്‍ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കി പുതിയ രാഷ്ട്രീയതന്ത്രങ്ങള്‍ക്കു രൂപംകൊടുക്കുന്നത് അവരുടെ നിലനില്‍പ്പിന് സഹായകമാവും.
Next Story

RELATED STORIES

Share it