ആന്ധ്രയില്‍ ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോവാദികള്‍ വെടിവച്ചുകൊന്നു. അരാക്കു എംഎല്‍എ കിടാരി സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. ദുംബരിഗുഡ ഗ്രാമത്തിലാണ് സംഭവം. അരാക്കുവില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ വെടിയ്പുണ്ടായത്.
സര്‍വേശ്വര റാവു 2014ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചാണ് നിയമസഭയിലെത്തിയത്. എന്നാല്‍, പിന്നീട് ടിഡിപിയില്‍ ചേര്‍ന്നു. സോമ സിവേരി ഇതേ മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ 60 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. മാവോവാദികള്‍ ഗ്രാമീണരോടൊപ്പം എത്തി ഇരുവരും സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ആദ്യം വധിച്ചശേഷം അവരുടെ എകെ 47 തോക്ക് പിടിച്ചെടുത്താണ് സര്‍വേശ്വര റാവുവിനെയും സോമയെയും കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചുവെങ്കിലും എംഎല്‍എയെ കൊലപ്പെടുത്താനുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് വിശാഖപട്ടണം റേഞ്ച് ഡിഐജി സി എച്ച് ശ്രീകാന്ത് പറഞ്ഞു. ഇരുവര്‍ക്കും നേരത്തേ മാവോവാദികളുടെ ഭീഷണി ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it