ആന്ധ്രപ്രദേശില്‍ വാഹനാപകടം: നാല് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

കാസര്‍കോട്: കുമ്പള നായി്ക്കാപ്പില്‍ നിന്ന് തിരുപ്പതി ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ട സംഘം സഞ്ചരിച്ച കാറിനു പിറകില്‍ ബസ്സിടിച്ച് നായിക്കാപ്പ് സ്വദേശികളായ മൂന്നു പേര്‍ക്കും മധൂര്‍ സ്വദേശിയായ ഒരാള്‍ക്കും ദാരുണാന്ത്യം. ആറു പേര്‍ക്കു പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആന്ധ്രപ്രദേശ് ചിത്തൂര്‍ ബങ്കാരുപാല പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുമ്പള നായിക്കാപ്പിലെ പക്കീര ഗട്ടി (72), അനുജന്‍ മഞ്ചപ്പ ഗട്ടി (67), മഞ്ചപ്പ ഗട്ടിയുടെ ഭാര്യ സുന്ദരി (55), ബന്ധു മധൂര്‍ മന്നിപ്പാടിയിലെ സദാശിവന്‍ (55) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്തംഗസംഘം കുമ്പള നായിക്കാപ്പില്‍ നിന്ന് കാറില്‍ തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടത്. ക്ഷേത്രത്തിലെത്താന്‍ 140 കിലോമീറ്റര്‍ അവശേഷിക്കെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ജീപ്പ് ഡ്രൈവര്‍ കുമ്പള പെര്‍വാഡിലെ ഉമേശ് (40), പെര്‍വാഡ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഹരീശന്‍ (30), കുമ്പള സ്വദേശികളായ ലക്ഷ്മി, ബോജ, മാധവ, നാഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ നാലു പേരുടെ മരണം നായ്ക്കാപ്പ്, മധൂര്‍ പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി.
കര്‍ഷകരാണ് പക്കീര ഗട്ടിയും മഞ്ചപ്പ ഗട്ടിയും. ഗിരിജയാണ് പക്കീര ഗട്ടിയുടെ ഭാര്യ. മക്കള്‍: രാജ, ഗീത, സതീശന്‍, സരിത, അനിത, കവിത, സുചിത്ര. മഞ്ചപ്പ ഗട്ടി-സുന്ദരി ദമ്പതികളുടെ മക്കള്‍: വിശാലാക്ഷി, അരുണാക്ഷി, സുഹാസിനി, ഭവ്യ, ശ്രീകാന്ത്. സദാശിവന്‍ കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. ബാബുഗട്ടി-സുന്ദരി ദമ്പതികളുടെ മകനാണ്.
Next Story

RELATED STORIES

Share it