World

ആനുകൂല്യങ്ങള്‍ തുടരുമെന്ന് ബ്രിട്ടന്‍ കരുതേണ്ട: മെര്‍ക്കല്‍

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോയാലും ആനുകൂല്യങ്ങള്‍ തുടരുമെന്ന് ബ്രിട്ടന്‍ കരുതേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ ഏകീകൃത കമ്പോളത്തിലുള്ള ബ്രിട്ടന്റെ ഇടപെടല്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ലണ്ടന്‍ മുന്‍ മേയറും ബ്രെക്‌സിറ്റില്‍ പുറത്തു പോക്കിനെ അനുകൂലിച്ചുള്ള പ്രചാരണങ്ങളെ നയിച്ച നേതാക്കളിലൊരാളുമായ ബോറിസ് ജോണ്‍സണ്‍ ഇയു പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മെര്‍ക്കല്‍.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അതിര്‍ത്തി തുറന്നുനല്‍കാതെ കമ്പോളത്തില്‍ ഇടപെടാന്‍ ബ്രിട്ടന് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മെര്‍ക്കല്‍ പ്രതികരിച്ചു. ജനങ്ങളുടെയും ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ നീക്കത്തിന് അനുമതിയുള്ള രാജ്യങ്ങള്‍ക്കിടയിലാണ് യൂറോപ്യന്‍ യൂനിയന്റെ സ്വതന്ത്ര കമ്പോളമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റിനെ അതിജീവിക്കുന്നതിനുള്ള ശക്തി യൂറോപ്യന്‍ യൂനിയനുണ്ടെന്നും പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിനു മുമ്പായി മെര്‍ക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it