Kottayam Local

ആനുകൂല്യം അനര്‍ഹര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

ചങ്ങനാശ്ശേരി: ദുരിത ബാധിര്‍ക്കുള്ള ആനുകൂല്യം അനര്‍ഹര്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് ആരോപണം. പ്രളയക്കെടുതികളെ തുടര്‍ന്ന് ദുരിതബാധിത മേഖലകളില്‍ നിന്ന് മാറി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മുതലെടുക്കാനാണ് അനര്‍ഹര്‍ നീക്കം ആരംഭിച്ചിട്ടുള്ളത്. കാലവര്‍ഷക്കെടുതികളില്‍പ്പെട്ട് സര്‍വവും നഷ്ടമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവരുടെ രക്ഷകരായി സ്വയം ചമഞ്ഞവരും ഇക്കൂട്ടത്തില്‍പ്പെടും. കനത്ത മഴയും ഡാമുകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതികള്‍ നേരിട്ട കുടുംബങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ക്യാംപുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും ഇവര്‍ക്കു കൂടുതല്‍ സഹായങ്ങളും എത്തിത്തുടങ്ങിയതോടെ ചില രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെ പലരും ദുരിതബാധിതരുടെ വേഷം കെട്ടി എത്തുകയായിരുന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ക്യാംപുകളില്‍ മേല്‍നോട്ടം വഹിക്കാനെത്തിയ ചിലരുടെ ചങ്ങാതിമാരും ക്യാംപുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തവരില്‍പ്പെടുന്നുണ്ട്. ഇവര്‍ക്കും നഷ്ടപരിഹാര തുകയ്ക്ക് അര്‍ഹതയുണ്ടെന്നാണ് അവകാശവാദം. ആദ്യഘട്ടത്തില്‍ ക്യാംപുകളുടെ പ്രവര്‍ത്തനം കൃത്യമായാണ് നടന്നിരുന്നത്. എന്നാല്‍ പിന്നീട് ഇത്തരക്കാര്‍ പ്രവര്‍ത്തനം കൈയടക്കുകയായിരുന്നു. ക്യാംപുകളിലെ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും ഇവരുടെ മേല്‍നോട്ടത്തിലായി. ഇതോടെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിയ സാധനങ്ങളില്‍ നല്ലൊരു പങ്ക് അനര്‍ഹര്‍ കൈക്കലാക്കി. ഇവര്‍ക്കായി ക്യാംപ് തുറന്നെങ്കിലും പിന്നീട് ചില നേതാക്കള്‍ ഇടപെട്ട് കൂടുതല്‍ പേരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. എത്തിയവരില്‍ പലരും ക്യാംപുകളില്‍ കഴിയാന്‍ അര്‍ഹതയില്ലാത്തവരുമായിരുന്നെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവരില്‍ നല്ലൊരു ശതമാനം പേര്‍ ക്യാംപിലേക്കെത്തിയ സാധനങ്ങളുമായി സ്ഥലം വിടുകയും ചെയ്തതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ വ്യാപകമായി ധനസഹായം തട്ടിയെടുക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അര്‍ഹരെ കണ്ടെത്താന്‍ ദുരിതബാധിതരെ ബുദ്ധിമുട്ടിക്കാതെതന്നെ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് റവന്യൂ വകുപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 6800 രൂപയും ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 3200 രൂപയും ചേര്‍ത്താണ് 10000 രൂപ നല്‍കുന്നത്. വെള്ളപ്പൊക്കത്തെയോ ഉരുള്‍പൊട്ടലിനെയോ തുടര്‍ന്ന് രണ്ടു ദിവസം വീടുകളില്‍ നിന്നു മാറിത്താമസിക്കേണ്ടി വരുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം അനുവദിക്കുന്നത്. എന്നാല്‍ ഭയചകിതരായി വീടുകളില്‍ നിന്നു മാറിത്താമസിക്കേണ്ടി വന്നവര്‍ക്ക് തുക നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവില്ലെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ബാങ്ക് പാസ് ബുക്കും ആധാര്‍ കാര്‍ഡും ഹാജരാക്കിയാല്‍ തുക ലഭിക്കും.
Next Story

RELATED STORIES

Share it