Kottayam Local

ആനിത്തോട്ടം പാലം നിര്‍മാണം പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ഒന്നാം മൈലില്‍ നിന്ന് ആനിത്തോട്ടവുമായി ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായ പാലത്തിന് പകരം പുതിയ പാലം നിര്‍മാണം പ്രതിസന്ധിയില്‍. 30 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നതായും പാലത്തില്‍ വിള്ളല്‍ സംഭവിച്ചതായും തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. ഒടുവില്‍ പുതിയ പാലം നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ കഴിഞ്ഞ മാസം ഡോ. എന്‍ ജയരാജ് എംഎല്‍എ അനുവദിച്ചിരുന്നു.
എന്നാല്‍ പാലത്തിന് ഈ തുക മതിയാവുകയില്ലെന്ന് കാട്ടി കോണ്‍ട്രാക്ടര്‍മാര്‍ കൈയൊഴിഞ്ഞു. നിലവിലെ പാലം പൊളിക്കാതെ തന്നെ മൂന്നടി വീതിയില്‍ പാലത്തിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് പാലം പണിയാമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറുന്നത്. ഇതിനെ നാട്ടുകാര്‍ ശക്തമായി എതിര്‍ത്തിരിക്കുകയാണ്. ഇലക്ഷന്‍ മുന്നില്‍ കണ്ട് അനുവദിച്ച 25 ലക്ഷം എംഎല്‍എയുടെ പേരില്‍ ഫഌക്‌സ് നിരത്തി മാമാങ്കം നടത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം തികയുകയില്ലെന്നാണു കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. പാലം പൂര്‍ണമായും അപകടാവസ്ഥയിലായിരിക്കെ പുതിയൊരു പാലം മാത്രമാണ് ശാശ്വത പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു.
വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് നാട്ടുകാരും നിരവധി വാഹനങ്ങളും ദിവസവും കയറിയിറങ്ങുന്ന പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളാവുന്നു. അടുത്ത മഴക്കാലം വന്നാല്‍ വലിയ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്.
അതിനാല്‍ മാര്‍ച്ചിന് മുമ്പായി പാലത്തിന്റെ നിര്‍മാണം ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം ഫണ്ട് ലാപ്‌സാവുമെന്നും ഇലക്ഷന്‍ തിയ്യതി നിശ്ചയിച്ചാല്‍ പിന്നെ പാലം പണി നടക്കുകയില്ലെന്നും പറയുന്നു. പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it