Pathanamthitta local

ആനിക്കാട് ഡിവിഷനില്‍ ഇരു മുന്നണികള്‍ക്കും പ്രതീക്ഷ

കോട്ടാങ്ങല്‍: അഭിഭാഷകര്‍ തമ്മിലുള്ള പോരിനാണ് ഇക്കുറി ആനിക്കാട് ജില്ലാ പഞ്ചായത്ത് മണ്ഡലം സാക്ഷ്യംവഹിക്കുന്നത്. കോണ്‍ഗ്രസിലെ അഡ്വ. റെജി തോമസ് യുഡിഎഫിനുവേണ്ടിയും സിപിഐയിലെ മനോജ് ചരളേല്‍ എല്‍ഡിഎഫിനു വേണ്ടിയും പടനയിക്കുമ്പോള്‍ ബിജെപിയിലെ ടി കെ രാജേഷും ബിഎസ്പിയിലെ രാജപ്പന്‍ ആചാരിയും സ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. യുഡിഎഫും എല്‍ഡിഎഫും തദ്ദേശസ്ഥാപന രംഗത്തെ ചിരപരിചതരെയാണ് ആനിക്കാട് പിടിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്.
ആനിക്കാട്, കൊറ്റനാട്, കോട്ടാങ്ങല്‍, കല്ലൂപ്പാറ, എഴുമറ്റൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലം യുഡിഎഫിന് അനുകൂലമായി രണ്ടുതവണ വിധിയെഴുതിയിട്ടുണ്ടെങ്കിലും പഴയ ചരിത്രം തേടിയാല്‍ എല്‍ഡിഎഫിനും പ്രതീക്ഷയ്ക്കു വകയുണ്ട്. ശക്തി തെളിയിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ബിജെപിയും ഇത്തവണ മത്സരരംഗത്തു സജീവമാണ്.
നിലവിലെ ആനിക്കാട് മണ്ഡലം 2005ലെ തിരഞ്ഞെടുപ്പോടെ രൂപീകരിച്ചതാണ്. അതിനു മുമ്പ് വായ്പൂര് എന്ന പേരിലായിരുന്ന ജില്ലാ പഞ്ചായത്ത് മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പില്‍ അഡ്വ.തോമസ് മാത്യുവും (കോണ്‍ഗ്രസ്) 2000ല്‍ ഗീതാകുമാരി (സിപിഎം)യും വായ്പൂരില്‍ വിജയിച്ചു. അതിര്‍ത്തികള്‍ പുനഃക്രമീകരിച്ച് ആനിക്കാട് മണ്ഡലം രൂപീകരിച്ച 2005ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ.കെ. ജയവര്‍മയാണ് ആദ്യ വിജയിച്ചത്. 2010ല്‍ നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ് വിജയിച്ചു. മണ്ഡലം വീണ്ടും ജനറലായപ്പോള്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസിനെ കോണ്‍ഗ്രസ് രംഗത്തിറക്കി. ചോദിച്ചുവാങ്ങിയ മണ്ഡലത്തില്‍ സിപിഐ യുവനേതാവ് കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ചരളേലിനെയാണ് പോരാട്ടത്തിനിറക്കിയത്. ഇരുവര്‍ക്കും മണ്ഡലം സുപരിചിതം. തദ്ദേശസ്ഥാപന പ്രവര്‍ത്തനമേഖലയില്‍ സ്ഥാനാര്‍ഥികളുടെ കഴിവ് ഗുണകരമാകുമെന്ന് ഇരുമുന്നണികള്‍ക്കും അവകാശവാദവുമുണ്ട്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടാമത്തെ ജില്ലാ പഞ്ചായത്ത് മണ്ഡലമാണ് ആനിക്കാട്. പ്രവര്‍ത്തനമികവിന് സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി മല്ലപ്പള്ളിക്കു നേടിക്കൊടുത്തതിന്റെ മികവ് റെജി തോമസിനുണ്ട്. മണ്ഡലത്തിലുടനീളമുള്ള പരിചയസമ്പത്തും മുതല്‍ക്കൂട്ടാണ്. ആനിക്കാടിന്റെ പ്രതിനിധിയായിരുന്ന വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിലൂടെ മണ്ഡലത്തിനു ലഭിച്ച ജില്ലാ പഞ്ചായത്ത് നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്. ബ്ലോക്ക് പഞ്ചായത്തിലേക്കു ചാലാപ്പള്ളി ഡിവിഷനില്‍ നിന്നു മത്സരിക്കുന്ന ശോശാമ്മ തോമസും പ്രചാരണരംഗത്തുണ്ട്.
കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റാണ് മനോജ് ചരളേല്‍. 2000 മുതല്‍ ഗ്രാമപ്പഞ്ചായത്തംഗമാണ്. 2005 - 10 കാലയളവില്‍ വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണ രാഷ്ട്രീയനീക്കത്തിലൂടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.
സിപിഐയുടെ ഏക പ്രസിഡന്റായി മനോജിന്റെ രാഷ്ട്രീയ സ്വാധീനത്തിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. റാന്നി, തിരുവല്ല അസംബ്ലി നിയോജകമണ്ഡലങ്ങളുടെ പരിധിയിലെ സ്ഥലങ്ങളാണ് ആനിക്കാട്ടേത്.
Next Story

RELATED STORIES

Share it