ആനവേട്ട കേസിലെ പ്രതികള്‍ക്ക് മര്‍ദ്ദനം; വനംവകുപ്പ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി

തിരുവനന്തപുരം: ആനവേട്ട കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന. കേസില്‍ അറസ്റ്റിലായവരെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് എസ്പി പി വി രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇന്നലെ വനംവകുപ്പ് ആസ്ഥാനത്തെത്തിയ സംഘം പരാതിക്കാരുടെ സാന്നിധ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, കണ്‍ട്രോള്‍ റൂം എന്നിവ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
വരുംദിവസങ്ങളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അജി ബ്രൈറ്റ്, പ്രിന്‍സ്റ്റണ്‍ സില്‍വ എന്നിവരെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡിഎഫ്ഒ ടി ഉമ, ഭര്‍ത്താവും ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുമായ ആര്‍ കമലാഹര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ജൂലൈ 11ന് ശ്രീകാര്യം പോലിസില്‍ കീഴടങ്ങിയ പ്രതികളെ വനംവകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന്, വഴുതയ്ക്കാട് വനംവകുപ്പ് ആസ്ഥാനത്തെത്തിച്ച് മൂന്നാംമുറ പ്രയോഗിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ തകരുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പ്രതികള്‍ കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു.
മൂവാറ്റുപുഴ പോലിസ് കേസെടുത്തിരുന്നെങ്കിലും സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ മ്യൂസിയം പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ഐഎഫ്എസ് ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ലോക്കല്‍ പോലിസ് ആവശ്യപ്പെട്ടു. തുടര്‍ന്ന്, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം നിലച്ചു. ഇതേതുടര്‍ന്ന് അജിബ്രൈറ്റിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതിക്കും പരാതി നല്‍കി. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it