ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

കല്‍പ്പറ്റ: പ്രമുഖ പണ്ഡിതനും സമസ്ത നേതാവും കണിയാമ്പറ്റ മില്ലുമുക്ക് ശംസുല്‍ ഉലമാ സ്മാരക ജവാഹിറുല്‍ ഉലൂം അറബിക് കോളജിന്റെ സ്ഥാപകനുമായ മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത ആനമങ്ങാട് സ്വദേശി ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍(68) അന്തരിച്ചു. ഇന്നലെ രാവിലെ 9.30ഓടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മലപ്പുറത്തെ പ്രമുഖ പണ്ഡിത കുടുംബമായ കാഞ്ഞിരുണ്ടിയില്‍ മൊയ്തീന്‍ മുസ്‌ല്യാരുടെയും ചോലപ്പറമ്പത്ത് ഫാത്തിമയുടെയും മകനാണ്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാരുടെയും കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാരുടെയും പ്രധാന ശിഷ്യരില്‍ ഒരാളുമാണ്. പട്ടിക്കാട് ജാമിഅയില്‍ നിന്ന് 70കളുടെ ആദ്യത്തില്‍ ഫൈസി ബിരുദം നേടി വയനാട്ടിലെത്തിയ അദ്ദേഹം നാലരപ്പതിറ്റാണ്ടോളം മതപ്രബോധന രംഗത്ത് സജീവമായിരുന്നു. സേവനമനുഷ്ഠിച്ച മുഴുവന്‍ മഹല്ലുകളിലും പള്ളി ദര്‍സുകള്‍ ആരംഭിച്ച ഉസ്താദിന് വയനാട്ടിലും തമിഴ്‌നാട്ടിലുമായി ആയിരത്തിലധികം ശിഷ്യഗണങ്ങളുണ്ട്. വയനാട്ടില്‍ മലവയല്‍, മണിച്ചിറ, ആനപ്പാറ, റിപ്പണ്‍, ചേരമ്പാടി, കെല്ലൂര്‍, ബാവലി, മില്ലുമുക്ക് എന്നിവിടങ്ങളിലായിരുന്നു ദര്‍സ് നടത്തിയിരുന്നത്. അരിപ്ര അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരുടെ മകള്‍ ശരീഫയാണ് ഭാര്യ. മക്കള്‍: സല്‍മത്ത്, താഹിറ, ഫാത്തിമ, ഖാജാ ഹുസയ്ന്‍ ഫൈസി. മരുമക്കള്‍: മുഹമ്മദലി അന്‍വരി, ഷൗക്കത്ത് മൗലവി, മൂസ റഹ്മാനി, സൗദ. സഹോദരങ്ങള്‍: കെ എം മൗലവി, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, കെ എം എ ഖാദര്‍ മൗലവി, ആമിന.
Next Story

RELATED STORIES

Share it