kozhikode local

ആനപ്പാറ ആരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി അനിശ്ചിതത്വത്തില്‍

കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കുന്ദമംഗലം ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഖ്യാപിച്ച ആര്‍ദ്രം പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ജനുവരിയിലാണ് കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ആര്‍ദ്രം പദ്ധതി നടപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ആശുപത്രിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പതിനാല് ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് പതിനാറുലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആറ് പുതിയ തസ്തികകളും പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാരും ഒരു നഴ്‌സ് ഉണ്ടായിരുന്ന സ്ഥാനത്ത് നാല് നഴ്‌സുമാരേയും  ഒരു ഫാര്‍മസിസ്റ്റിനെ കൂടി നിയമിച്ചിരുന്നു. ലാബോറട്ടറിയില്‍ പുതിയ ലാബ്— ടെക്‌നീഷനേയും നിയമിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതി നടപ്പിലാക്കുമ്പോള്‍ ആശുപത്രിയില്‍ ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പതിനാലു ലക്ഷം അനുവദിച്ചത്. ഇത് സ്ഥാപിക്കുന്നതിനായും എംഎല്‍എ അനുവദിച്ച പതിനാറു ലക്ഷം രൂപ ഉപയോഗിച്ച് രോഗികള്‍ക്ക് വെയിറ്റിങ് ഏരിയ നിര്‍മിക്കുന്നതിനും  ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യമായ ചില ഉപകരണങ്ങള്‍ മാത്രമാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എത്തിച്ചിട്ടുള്ളത്.
എംഎല്‍എ അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ട വെയ്റ്റിംഗ് ഏരിയയുടെ നിര്‍മാണം നടത്തുന്നതിന് യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ദിവസേന മുന്നൂറിലധികം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതോടെ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുമായിരുന്നു.
എന്നാല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥ മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നഷടപ്പെട്ടിരിക്കുകയാണ്. ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതോടെ ഓരോ കുടുംബത്തിനും ഡോക്ടറുടെ സ്ഥിരസേവനം ലഭ്യമാകുന്നതോടെ രോഗികളുടെ ചികിത്സാ കാര്യങ്ങളുടെ ഉത്തരവാദിത്തം കുടുംബ ഡോക്ടര്‍ക്കായിരിക്കും. തന്റെ കീഴിലുള്ള കുടുംബത്തിലെ അംഗത്തിന് ഏത് തരത്തിലുള്ള വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബ ഡോക്ടറാണ് നിര്‍ദേശിക്കുക. കുടുംബ ഡോക്ടറെ സഹായിക്കാനും ആ പ്രദേശത്ത് പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ പരിസരശുചീകരണത്തിന് കുടുംബ ഡോക്ടര്‍മാരടെ കീഴില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യവളണ്ടിയര്‍ സേനയും പ്രവര്‍ത്തിക്കും. ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത്  നാലു ലക്ഷം രൂപ  ഉപയോഗിച്ച്  ചുറ്റുമതില്‍ നവീകരിക്കുകയും മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് ശുചിമുറി നിര്‍മിക്കുകയും ചെയ്തിരുന്നു  16 ലക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കെട്ടിട പുനുരുദ്ധരണം നടന്നുവരികയാണ്—മേല്‍ക്കൂര മാറ്റുന്ന ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ട് .ഇതിന്റെ ബാക്കിയുള്ള ടൈല്‍ മാറ്റുന്ന ജോലിയും മറ്റും ഇപ്പോള്‍ നടന്നുവരികയാണ്.
രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ബാല സൗഹൃദ പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്. ഇത്രയും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടും ലാറ്റക്‌സ് ലിമിറ്റഡിന്റെ അനാസ്ഥ കാരണം ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതെയായിരിക്കുകയാണ്. ലാറ്റക്‌സിന് നല്‍കിയ പ്രവൃത്തി മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് ജോലി പൂര്‍ത്തിയാക്കി ആര്‍ദ്രം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it