ആനത്താരകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം; ദേശീയ വന്യജീവി ബോര്‍ഡ് ശുപാര്‍ശ

ന്യൂഡല്‍ഹി: മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കുന്നതിന് ആനത്താരകളിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ദേശീയ വന്യജീവി ബോര്‍ഡ്.
ഒരു വനമേഖലയില്‍ നിന്നു മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാര മാര്‍ഗങ്ങളാണ് ആനത്താരകള്‍. വന്‍തോതിലുള്ള വനനശീകരണം മൂലം ഇത്തരം ആനത്താരകള്‍ നശിക്കുകയും ഇവിടങ്ങളില്‍ ജനങ്ങള്‍ താമസമാക്കുകയും ചെയ്തതോടെ ഇവിടെ കാട്ടാനകള്‍ ഇറങ്ങി കൃഷിയും വീടുകളും നശിപ്പിക്കപ്പെടുകയും ചിലപ്പോഴെങ്കിലും മനുഷ്യജീവന്‍ നഷപ്പെടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്.
ഇത് ഒഴിവാക്കാനാണ് ആനത്താരകള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നത്.   ഇതിന് സാധിക്കില്ലെങ്കില്‍ ആനത്താരകള്‍ പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിക്കണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് പരിശോധിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് ദേശീയ വന്യജീവി ബോര്‍ഡ് സര്‍ക്കാരിന് മുമ്പാകെ ഈ നിര്‍ദേശം വച്ചത്.
ആനകള്‍ ജനവാസ മേഖലകളില്‍ എത്തുന്നത് കുറയ്ക്കാന്‍ എല്ലാ ആനത്താരകളിലെയും ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ നേരത്തേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അതിവേഗ നടപടി വേണം.
ഭൂമി ഏറ്റെടുക്കാനാവുന്നില്ലെങ്കില്‍ എല്ലാ ആനത്താരകളും പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിക്കണം. കടുവാ വന്യജീവി സങ്കേതങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിക്ക് സമാനമായി ആനത്താരകള്‍ക്ക് സമീപത്തുനിന്നു സ്വമേധയാ ആളുകള്‍ക്ക് മാറിത്താമസിക്കുന്നതിനുള്ള പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാം. ഇതിനായി ആനത്താരകള്‍ ഉള്‍പ്പെടുന്ന ഭൂമേഖലകള്‍ സംസ്ഥാനങ്ങള്‍ വേര്‍തിരിക്കണം.
വന്യജീവികള്‍ നാട്ടില്‍ ഇറങ്ങിയാല്‍ ആള്‍ക്കൂട്ടം സംഘടിക്കുന്നത് തടയാന്‍ ഉടനടി നിരോധനാജ്ഞ പ്രഖ്യാപിക്കണം. വന്യജീവികള്‍ ഇറങ്ങാന്‍ സാധ്യതയുള്ള പാതകളില്‍ രാത്രി പട്രോളിങ് വര്‍ധിപ്പിക്കണമെന്നും വന്യജീവി ബോര്‍ഡ് നിര്‍ദേശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it