ആനത്തറവാട്ടില്‍ 10 വര്‍ഷത്തിനിടെ ചരിഞ്ഞത് 18ഓളം ആനകള്‍

കെ   വിജയന്‍   മേനോന്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ആനതറവാട്ടില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചരിഞ്ഞത് 18ഓളം ആനകള്‍. അവയില്‍ പലതും കൊടിയ മര്‍ദനത്തിന്റെ ഭാഗമായി മണ്‍മറഞ്ഞ രക്തസാക്ഷികളും. അര്‍ജുന്‍ എന്ന അഴകാര്‍ന്ന കൊമ്പന്‍ കൊടിയ പീഡനംമൂലം വലതു മുന്‍കാല്‍ നീരുവന്നു നില്‍ക്കാനോ, ഇരിക്കാനോ കഴിയാതെയാണു ചരിഞ്ഞത്.
കൊമ്പന്‍ അര്‍ജുന്റെ ദയനീയ സ്ഥിതി തേജസ് റിപോര്‍ട്ട് ചെയ്തതിന്റെ ഭാഗമായി അന്ന് വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാര്‍ ആനകോട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിനു മുമ്പും പിന്നീടുമായി പ്രകാശന്‍, സത്യനാരായണന്‍, ഉമാദേവി, എലൈറ്റ് നാരായണന്‍കുട്ടി, ജൂനിയര്‍ അച്യുതന്‍, കേശവന്‍കുട്ടി, ആദിത്യന്‍, ഉണ്ണികൃഷ്ണ, പാര്‍ഥന്‍, കുട്ടിശങ്കരന്‍, രാമന്‍കുട്ടി, ശേഷാദ്രി തുടങ്ങി ഒടുവില്‍ ശനിയാഴ്ച ചരിഞ്ഞ വിനീത് കൃഷ്ണന്റെ വിയോഗവും കൂടിയായപ്പോള്‍ 66 ആനകളുണ്ടായിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗജസമ്പത്ത് 49 ആയി കുറഞ്ഞു. അക്രമം ജീവിതചര്യയാക്കി മാറ്റിയ കുട്ടിക്കൊമ്പന്മാരുമുണ്ട് ആനകോട്ടയില്‍.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണു ആനകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുതുടങ്ങിയത്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാതെ ആനകോട്ടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഫോട്ടോഗ്രഫി വിലക്കേര്‍പ്പെടുത്തിയാണ് ഇക്കൂട്ടര്‍ താല്‍ക്കാലികമായി തടിയൂരിയത്. കോട്ട സന്ദര്‍ശിക്കുന്നവരില്‍ നിന്നു ഫോട്ടോഗ്രഫിയിലൂടെ ശരാശരി ഒരു ദിവസം കാല്‍ലക്ഷം രൂപ ദേവസ്വത്തിനു ലഭിച്ചിരുന്നപ്പോള്‍ അതു നഷ്ടമായാലും മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരത മാധ്യമങ്ങളിലൂടെ പുറംലോകമറിയാതിരിക്കാനാണു മുന്‍ഗണന നല്‍കിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായി ചുമതലയേറ്റയുടന്‍ കോട്ടയിലെ ഫോട്ടോഗ്രഫി നിരോധനം നീക്കംചെയ്യാന്‍ നടപടിയെടുക്കുമെന്നു പറഞ്ഞതും കട്ടപ്പുറത്തായി. ദേവസ്വത്തിലെ ആനകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയാന്‍ തുടങ്ങിയതോടെ 10 വയസ്സില്‍ താഴെയുള്ള ആനകളെ നടയിരുത്താന്‍ ദേവസ്വം ഭരണസമിതി മുമ്പു തീരുമാനമെടുത്തിരുന്നതാണ്. എന്നാല്‍ നടയിരുത്താന്‍ എല്ലാവിധ രേഖകളുമായി 10 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആനകളുമായി ആളുകള്‍ തയ്യാറുള്ളപ്പോള്‍ നിയമ തടസ്സം മൂലം അവയെ നടയിരുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ 10 വയസ്സിനു മുകളില്‍ പ്രായമുള്ള ആനകളെ നടയിരുത്തുന്ന കാര്യം ദേവസ്വത്തിന്റെ പരിഗണനയിലാണെന്നു ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് തേജസിനോട്— പറഞ്ഞു. വരാനിരിക്കുന്ന ഭരണസമിതികളില്‍ ഇക്കാര്യവും കോട്ടയിലെ ഫോട്ടോഗ്രഫി നിരോധന വിഷയമുള്‍പ്പെടെ വേണ്ടുന്ന നടപടികളും സ്വീകരിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അറിയിച്ചു.
Next Story

RELATED STORIES

Share it