thrissur local

ആനച്ചികില്‍സാ- ഗവേഷണ- പരിപാലന കേന്ദ്രം തൃശൂരില്‍

തൃശൂര്‍: ആനകളുടെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനുമായി ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആനചികില്‍സാ ഗവേഷണ പരിപാലന കേന്ദ്രം തൃശൂരില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലെ ആന ഉടമകളും ആനപ്രേമികളും ചേര്‍ന്ന് രൂപീകരിച്ച എലിഫെന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യമാനേജിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍ ഇതിനകം 31 ഏക്കറേളം സ്ഥലം വാങ്ങുന്നതിന് പ്രാരംഭ നടപടികള്‍ക്ക് തുടക്കംകുറിച്ചു. വിനായക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന പേരിലാണ് ട്രസ്റ്റ് പുതിയ വിദ്യാഭ്യാസ ആരോഗ്യ, സാമൂഹിക സേവന പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
ആസ്പത്രിക്ക് പുറമെ 100 കോടിയോളം രൂപ ചെലവഴിച്ച് ആനകള്‍ക്കായി പുനരധിവാസ പ്രത്യുല്‍പാദന ഗവേഷണ കേന്ദ്രവും സഞ്ചരിക്കുന്ന ആന ആസ്പത്രിയും ട്രെയ്‌നിങ് സെന്ററും ഉള്‍പ്പെടുന്ന സെന്റര്‍ ഫോര്‍ എലിഫെന്റ് റിസര്‍ച്ച് ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിക്കാണ് തുടക്കമിടുന്നത്.
വിനായക കോളജ് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി എന്ന പേരില്‍ ബി ടെക് കോളജും വിനായക കോളജ് ഓഫ് നാച്ചറോപതി ആന്‍ഡ് യോഗിക് സയന്‍സസ് എന്ന പേരില്‍ ഒരു മെഡിക്കല്‍ കോളജും ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും അംഗീകാരത്തിനു വിധേയമായി പ്രവര്‍ത്തനം ആരംഭിക്കും.
രണ്ടാംഘട്ടത്തില്‍ വിനായക കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് എന്ന പേരില്‍ വെറ്ററിനറി കോളജും നിരവധി സേവന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം ലഭിക്കുന്നതോടെ ഫെബ്രുവരിയില്‍ ആന ആസ്പത്രിയുടെയും കോളജിന്റെയും തറക്കല്ലിടല്‍ കര്‍മ്മവും സമയബദ്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സുന്ദര്‍മേനോന്‍ പറഞ്ഞു.
ട്രസ്റ്റിന്റെ ഉദ്ഘാടനം തൃശൂര്‍ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ ആന ഉടമസ്ഥ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ബാബു എം പാലിശേരി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബ്രോഷര്‍ ഡോ. ടി പി സേതുമാധവന്‍ പ്രകാശനം ചെയ്തു. ഡോ.വി പ്രസാദ് പദ്ധതി വിശദീകരിച്ചു. ഡോ. ദേവത, ഡോ.കെ പി ശ്രീകുമാര്‍, പി എസ് ജയപാല്‍, പി മധു, പി എസ് രവീന്ദ്രന്‍നായര്‍, കെ വി ടോളിന്‍, വി എ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it