ആനക്കൊമ്പ് വ്യാപാരം: സമ്പൂര്‍ണ നിരോധനം വേണമെന്ന് കെനിയ

നെയ്‌റോബി: ആനവേട്ട തടയുന്നതിനായി ആനക്കൊമ്പ് വ്യാപാരം പൂര്‍ണമായി നിരോധിക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ സഹകരിക്കണമെന്നു കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാത്ത. ആനകള്‍ക്ക് രാജ്യത്തിന്റെ പൈതൃകത്തില്‍ വലിയ സ്ഥാനമാണുള്ളത്. അവയെ നശിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആനക്കൊമ്പു വേട്ടയ്‌ക്കെതിരേ സംഘടിപ്പിച്ച ആഫ്രിക്കന്‍ രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
4,50,000നും 5,00,000ത്തിനുമിടയിലാണ് ആഫ്രിക്കയിലെ ആനകളുടെ എണ്ണം. എന്നാല്‍, പ്രതിവര്‍ഷം 30,000ത്തോളം ആനകള്‍ കൊമ്പിനുവേണ്ടി കൊല്ലപ്പെടുന്നു. ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ആഫ്രിക്കന്‍ ആനകളുടെ കൊമ്പ് കടത്തിക്കൊണ്ടുപോവുന്നത്. 1989ല്‍ ആനക്കൊമ്പ് വേട്ടയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നിരോധനം കൊണ്ടുവന്നിരുന്നു. എന്നാല്‍, നിരോധന കാലാവധിക്കു മുമ്പുള്ള ആനക്കൊമ്പുകളുടെ ഇറക്കുമതിക്കും വില്‍പനയ്ക്കും ചൈനയടക്കമുള്ള രാജ്യങ്ങളില്‍ വിലക്കില്ല. ഈ സാഹചര്യമുപയോഗിച്ച് പുതുതായി വേട്ടയാടിയ ആനക്കൊമ്പുകളും വില്‍പന നടത്തുകയാണ്. ആനക്കൊമ്പിന്റെ വ്യാപാരത്തിന് ആഗോളതലത്തില്‍ സമ്പൂര്‍ണ നിരോധനം കൊണ്ടുവന്നാലെ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയൂവെന്നും കെന്യാത്ത പറഞ്ഞു.
Next Story

RELATED STORIES

Share it