ernakulam local

ആനക്കൊമ്പും മാന്‍കൊമ്പും ചന്ദനമുട്ടികളും വിദേശമദ്യവും പിടിച്ചെടുത്തു



കൊച്ചി: കൊച്ചി കടവന്ത്ര ജവഹര്‍ നഗറില്‍ നിന്നും ഇതര സംസ്ഥാനക്കാരന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ആനക്കൊമ്പും മാന്‍ക്കൊമ്പും ചന്ദനമുട്ടികളും 18 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. കടവന്ത്ര നേതാജി ക്രോസ് റോഡിലെ മനീഷ് കുമാര്‍ ഗുപ്ത (ബോബി ഗുപ്ത)യുടെ വീട്ടില്‍ നിന്നാണ് വനം വകുപ്പും ഫ്—ളയിങ് സ്—ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് ഇവ പിടിച്ചെടുത്തത്. അങ്കമാലി സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയില്‍ ശശീന്ദ്രന്‍ എന്ന ആനയുടെ കൊമ്പാണ് വില്‍ക്കാന്‍ ശ്രമിച്ചത്. 2010ല്‍ ചെരിഞ്ഞ ആനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. 56 വയസുള്ള ആനയുടേതാണ് കൊമ്പ്. ഇതു കൈവശം വയ്ക്കുന്നതിന് മനീഷ് ഗുപ്തയ്ക്ക് അനുമതിയൊന്നും ലഭിച്ചിട്ടില്ല. നാട്ടാനയുടേതായാലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ ആനക്കൊമ്പ് കൈവശം വയ്ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കൂ. ഇതിന്റെ രേഖകളൊന്നും ഹാജരാക്കാന്‍ മനീഷ് ഗുപ്തയുടെ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഡിഎഫ്ഒ ജി പ്രസാദ് പറഞ്ഞു.  മറയൂരില്‍ നിന്ന് എത്തിച്ചതാണ് ചന്ദനമുട്ടികള്‍. ഇതിന് അഞ്ചു കിലോയിലേറെ തൂക്കം വരും. വനം വകുപ്പ് ഫ്—ളയിങ് സ്—ക്വാഡ് റേഞ്ച് ഓഫിസര്‍ ബി ജയചന്ദ്രന്‍, ഫോറസ്റ്റ് ഓഫിസര്‍മാരായ ശ്രീജിത്, സുമേഷ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ മധുവാഹനന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. മനീഷ് ഗുപ്ത കോയമ്പത്തൂരിലാണെന്നാണ് വിവരം. അനധികൃതമായി ആനക്കൊമ്പും മറ്റും സൂക്ഷിച്ചതിന് മനീഷ് ഗുപ്തയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. മദ്യകുപ്പികള്‍ വിവാഹ ആവശ്യത്തിനായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് മഹേഷ് ഗുപ്തയുടെ ഭാര്യ എക്—സൈസ് സംഘത്തോട് പറഞ്ഞു. വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മനീഷ്ഗുപ്തയുടെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ടു. തങ്ങളുടെ അനുവാദമില്ലാതെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ വീടിനുള്ളില്‍ പൂട്ടിയിട്ടത്. പിന്നീട് വനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പുറത്തിറക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീട്ടിലെ നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു പരിശോധന നടത്തിയത്. ഇയാളുടെ സാമ്പത്തിക സ്രോതസ്സും മറ്റും അന്വേഷിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it